‘ഇന്ത്യൻ ചലച്ചിത്ര കലയുടെ സമുന്നത പീഠത്തിന്റെ അധിപൻ’; മോഹൻലാലിന് സർക്കാരിന്റെ ആദരം

‘ഇന്ത്യൻ ചലച്ചിത്ര കലയുടെ സമുന്നത പീഠത്തിന്റെ അധിപൻ’; മോഹൻലാലിന് സർക്കാരിന്റെ ആദരം

തിരുവനന്തപുരം: ദാദാ സാഹേബ് പുരസ്‌കാരം നേടിയ മോഹൻ ലാലിനെ ആദരിച്ച് സംസ്ഥാന സർക്കാർ. മോഹൻലാലിനുളള അംഗീകാരം മലയാള സിനിമയ്ക്കുളള അംഗീകാരം കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്ക് മോഹൻലാൽ നൽകിയ സംഭാവനകൾക്കുളള ആദരവാണ് ഫാൽക്കെ പുരസ്‌കാരം. ഈ നേട്ടം ഓരോ മലയാളിക്കും അഭിമാനമാണ്. ഫാൽക്കെ അവാർഡിലൂടെ ഇന്ത്യൻ ചലച്ചിത്ര കലയുടെ സമുന്നത പീഠത്തിന്റെ അധിപനായി മോഹൻലാൽ മാറി. മലയാളികളെ ഇത്രത്തോളം സ്വാധീനിച്ച ഒരു വ്യക്തിത്വമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോഹൻലാലിനെ പൊന്നാടയണിയിച്ച മുഖ്യമന്ത്രി സംസ്ഥാന സർക്കാരിൻറെ പുരസ്‌കാരവും കൈമാറി. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘മലയാളം വാനോളം ലാൽസലാം’ എന്ന പരിപാടിയിലാണ് മലയാളത്തിന്റെ മഹാനടന് കേരളം ആദരമർപ്പിച്ചത്.

ഡൽഹിയിൽ വെച്ച് ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാരം ഏറ്റുവാങ്ങിയ നിമിഷത്തേക്കാൾ ഏറെ വൈകാരികമായാണ് താൻ ഇവിടെ നിൽക്കുന്നതെന്ന് ആദരം ഏറ്റുവാങ്ങിക്കൊണ്ട് മോഹൻലാൽ പറഞ്ഞു.

മോഹൻലാലിന്റെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ:

”ഇത് ഞാൻ ജനിച്ചുവളർന്ന് കൗമാരവും യൗവനവും ചെലവഴിച്ച മണ്ണാണ്. എന്റെ അമ്മയും അച്ഛനും ജ്യേഷ്ഠനും ജീവിച്ച ഇടമാണ്. ജീവിതത്തിന്റെ സങ്കീർണതകളൊന്നുമറിയാതെ അവർക്കൊപ്പം ഞാൻ പാർത്ത നാടാണ്. ഇവിടത്തെ കാറ്റും മരങ്ങളും വഴികളും പഴയ പലകെട്ടിടങ്ങളും എന്റെ ഓർമകളുടെയും ആത്മാവിന്റെയും ഭാഗമാണ്. എനിക്ക് ഈ സ്വീകരണം നൽകുന്നത് ഈന്നീ കാണുന്ന എന്നെ ഞാനാക്കി മാറ്റിയ കേരളവും മലയാളികളും അവർ തിരഞ്ഞെടുത്ത സർക്കാരുമാണ്. ഇക്കാര്യങ്ങൾ കൊണ്ടെല്ലാം ഞാനനുഭവിക്കുന്ന ആ വൈകാരിക ഭാരത്തെ മറച്ചുപിടിക്കാൻ കാലങ്ങളായി ഞാൻ ആർജിച്ച അഭിനയശേഷിക്ക് സാധിക്കുന്നില്ല. 48 വർഷങ്ങളുടെ ദീർഘമായ നടപ്പാതയിലേക്ക് തിരിഞ്ഞുനോക്കുകയായിരുന്നു ഞാൻ. സിനിമ എന്ന സങ്കീർണകലാരൂപത്തെക്കുറിച്ച് യാതൊന്നുമറിയാതെ ഈ നഗരത്തിന്റെ വഴിയോരങ്ങളിൽ വെച്ച് ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ സിനിമയെടുക്കാൻ ധൈര്യപ്പെട്ടു എന്നോർക്കുമ്പോൾ ഇപ്പോളെനിക്ക് ഭയം തോന്നുന്നു. അതിന്റെ ജോലികൾക്കായി ഞങ്ങൾ ട്രെയിൻ കയറി മദ്രാസിലേക്ക് പോയി. മദിരാശിയിലെ സിനിമാസ്റ്റുഡിയോകളിൽ ചുറ്റിത്തിരിഞ്ഞു. ഞാൻ ഒട്ടും ആഗ്രഹിക്കാതെ സുഹൃത്തുക്കൾ എന്റെ ഫോട്ടോ എടുത്ത് പാച്ചിക്ക എന്നു ഞങ്ങൾ വിളിക്കുന്ന എന്റെ പ്രിയപ്പെട്ട ഫാസിലിന് അയച്ചുകൊടുത്തു. അങ്ങനെ ഞാൻ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലെ നരേന്ദ്രനായി ക്യാമറയ്ക്ക് മുന്നിലെത്തി. 48 വർഷങ്ങൾ. ഇങ്ങോട്ടുവരുന്നതിന്റെ തൊട്ടുമുന്നെയും ഞാൻ ക്യാമറയ്ക്കു മുന്നിലായിരുന്നു. വിധി ഏതൊക്കെ വഴിയിലൂടെയാണ് എന്നെ നടത്തിക്കൊണ്ടുപോകുന്നത് എന്നോർത്ത് വിസ്മയിച്ചുപോകുന്നു. അഭിനയകാലത്തെ ഒരു മഹാനദിയായി സങ്കൽപിച്ചാൽ തീരത്തുനിൽക്കുന്ന ഒരു മരത്തിന്റെ ചില്ലയിൽ നിന്നും അതിലേക്ക് വീണ ഒരു ഇലയാണ് ഞാൻ. ഒഴുക്കിൽ മുങ്ങിപ്പോവുമ്പോഴെല്ലാം ആ ഇലയെ ഏതൊക്കെയോ കൈകൾ വന്ന് താങ്ങി. പ്രതിഭയുടെ കൈയൊപ്പുള്ള കൈകളായിരുന്നു അവയെല്ലാം. വലിയ എഴുത്തുകാർ, സംവിധായകർ, നിർമാതാക്കൾ. ഛായാഗ്രാഹകർ, എന്റെ മുഖത്ത് ചായം തേച്ച് കഥാപാത്രങ്ങളിലേക്ക് വെളിച്ചമടിച്ചവർ…ഞാൻ ചെയ്തതെല്ലാം മടുപ്പില്ലാതെ കണ്ടിരുന്ന എന്റെ പ്രിയപ്പെട്ട മലയാളികൾ… ഇതുതന്നെയാണോ എന്റെ തൊഴിൽ എന്നാലോചിക്കുമ്പോഴെല്ലാം ‘ലാലേട്ടാ’ എന്ന് സ്‌നേഹത്തോടെ എന്നെ വിളിച്ചുണർത്തിയവർ. ഇപ്പോഴും ഞാനാ മഹാനദിയുടെ പ്രവാഹത്തിലാണ്. മുങ്ങിപ്പോകുമ്പോഴെല്ലാം ആരൊക്കെയോ പിടിച്ചുയർത്തുന്നു. ഇനിയും ഒഴുകൂ എന്നു പറയുന്നു. നന്ദി ആരോടു ഞാൻ ചൊല്ലേണ്ടൂ…

എന്റെയീ അഭിനയ സഞ്ചാരത്തിനൊപ്പം നമ്മുടെ സമൂഹത്തിന്റെ യാത്രയും അതിന്റെ അമ്പരപ്പിക്കുന്ന മാറ്റങ്ങളും നിറഭേദങ്ങളും ഞാൻ കാണുന്നു. നമ്മൾ എത്ര മാറി! നമ്മുടെ വേഷം, ഭാഷ, ബന്ധങ്ങൾ, രുചി, സ്വപ്‌നങ്ങൾ, ആസ്വാദനശീലങ്ങൾ, സാമ്പത്തികാവസ്ഥ, സാംസ്‌കാരിക സമീപനങ്ങൾ, പ്രണയസങ്കല്പങ്ങൾ, രാഷ്ട്രീയം, ജീവിതശൈലികൾ..എല്ലാം എത്രയെത്രയോ മാറി.

നിലക്കടല കൊറിച്ച് കൊട്ടകയുടെ ഉഷ്ണത്തിൽ വെന്തിരുന്ന് സിനിമകൾ കണ്ട നാം ഇപ്പോൾ മൾട്ടിപ്ലക്‌സിന്റെ തണുപ്പിൽ മലർന്ന് കിടന്നുകൊണ്ടുവരെ സിനിമ കാണുന്നു. സ്‌കൂൾ ബെഞ്ചിൽ തൊട്ടടുത്തിരിക്കുന്നവർ മാത്രമല്ല, ഇന്ന് നമ്മുടെ കുട്ടികളുടെ സുഹൃത്തുക്കൾ. ആഗോളസൗഹൃദമാണ് അവർ ആഘോഷിക്കുന്നത്. എല്ലാ കലാരൂപങ്ങളും കാലത്തിനനുസരിച്ച് പുതിയതായി. സിനിമയുടെ ആഖ്യാനം അപ്പാടെ മാറി. സാങ്കേതികത മാറി. ഈ മാറ്റത്തിനെല്ലാം നടുവിലൂടെയാണ് ഞാനെന്റെ യാത്ര നടത്തിയത് എന്നോർക്കുമ്പോൾ ഏതോ ഒരു അജ്ഞാതശക്തിയുടെ അനുഗ്രവും കരുതലും എനിക്കനുഭവപ്പെടുന്നു. അതിനെ എന്തുപേരിട്ട് വിളിക്കണം എന്നുപോലും എനിക്ക് അറിയില്ല. ആ ശക്തിയില്ലെങ്കിൽ ഇത്രയും കാലം ഇങ്ങനെ തുടരാൻ എനിക്ക് സാധിക്കില്ലായിരുന്നു എന്ന് ഞാൻ വിനീതമായി തിരിച്ചറിയുന്നു.

ദീർഘകാലം അഭിനേതാക്കളായി ജീവിച്ചവരെല്ലാം പ്രാർഥിക്കുന്ന ഒരു കാര്യമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു കണ്ടുകണ്ട് മനുഷ്യർക്ക് മടുക്കുന്ന കാലം വരെ എന്നെ ഇരുത്തരുതേ എന്നാണ്. പ്രേക്ഷകരുടെ ആ മടുപ്പിൽ നിന്നും അഭിനേതാക്കളെ രക്ഷിക്കുന്ന ആ കവചം കഥാപത്രങ്ങളാണ്. ആ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് എഴുത്തുകാരാണ്. അതിനെ സംവിധാനം ചെയ്ത് ഒരുക്കുന്നത് സംവിധായകരാണ്. പകർത്തുന്ന ഛായാഗ്രാഹകനാണ്. അഭിനേതാവ് ഒരുപിടി കളിമണ്ണ് മാത്രമാണ്. പ്രതിഭകളുടെ കൈ സ്പർശിക്കുമ്പോൾ അതിന് വ്യത്യസ്ഥ രൂപങ്ങൾ ലഭിക്കുന്നു. ആ രൂപം ജനങ്ങൾക്ക് ഇഷ്ടപ്പെടേണമേ എന്ന് പ്രാർഥിച്ചുകൊണ്ട് അഭിനേതാവ് തന്റെ കർമം നിർവഹിക്കുന്നു. ഏതുകലാകാരനുമെന്നപോലെ ജീവിതത്തിൽ ഉയർച്ചകളും താഴ്ചകളും എനിക്കുണ്ടായിട്ടുണ്ട്. വാനോളം പ്രശംസയും പാതാളത്തോളം താഴ്ത്തുന്ന പഴിയും വിമർശനവും ശകാരങ്ങളും ഞാനും അനുഭവിച്ചിട്ടുണ്ട്. രണ്ടിനെയും ഞാൻ സമഭാവത്തോടെ തന്നെയാണ് കാണുന്നത്.

മോഹൻലാൽ അനായാസമായി അഭിനയിക്കുന്നു എന്ന് പലരും പറയാറുണ്ട്. എനിക്ക് അഭിയനയം അനായാസമായ ഒരു കാര്യമല്ല എന്നതാണ് സത്യം. ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ ദൈവമേ എന്ന് വിളിച്ചുകൊണ്ടുമാത്രമേ ഞാനിപ്പോഴും ക്യാമറയ്ക്കുമുന്നിലേക്ക് ചെല്ലാറുള്ളൂ. എനിക്കിത് ചെയ്യാൻ സാധിക്കണമേ എന്ന പ്രാർഥന എപ്പോഴും മനസ്സിൽ ഉണ്ടാവാറുണ്ട്. കാണുന്നവർക്ക് ഞാൻ അനായാസമായി അഭിനയിക്കുന്നു എന്നു തോന്നുന്നുവെങ്കിൽ അതെനിക്ക് പോലും അറിയാതെ, ഇതുവരെ തിരിച്ചറിയാൻ കഴിയാത്ത ഏതോ ശക്തിയുടെ അനുഗ്രഹം കൊണ്ടാണ് സാധിക്കുന്നത്. ഈ പുരസ്‌കാരം ലഭിച്ചതിനുശേഷം ഞാൻ കൊച്ചിയിലെത്തിയപ്പോൾ ജോലി തന്നെയാണ് എന്റെ ഈശ്വരൻ എന്നുഞാൻ പറഞ്ഞിരുന്നു. ഏതുകാര്യവും ഉപാസനാനിഷ്ഠമായ മനസ്സോടെ കാലങ്ങളോളം ചെയ്യുമ്പോൾ നിങ്ങളാകാര്യം തന്നെയായി തീരുന്നു. അതൊരു വല്ലാത്ത അവസ്ഥയാണ്. അതിൽ അല്പം എക്സ്റ്റസി ഉണ്ട്. ഞാൻ എന്ന ഈഗോ അവിടെ ഇല്ലാതായിത്തീരുന്നു. ആ കർമമായി ഞാൻ മാറുന്നു. അതിനുശേഷം ഞാനാണ് ഇത് ചെയ്തത് എന്ന അഹങ്കാരം ഉണ്ടാവുന്നില്ല. അതിന്റെ ഫലത്തിൽ അമിതമായി ആഹ്ലാദിക്കുകയോ ദുഃഖിക്കുകയോ ചെയ്യുന്നുമില്ല. നാമൊരു നിമിത്തം മാത്രമായി തീരുന്ന ഉന്നതമായ ഒരുവസ്ഥയാണത്. ജീവിതം ഒരു യജ്ഞമായി തീരുന്ന പരമമായ ഒരു സ്ഥിതി. എനിക്കത് അഭിനയമാണ് അതുകൊണ്ട് അതുതന്നെയാണ് എന്റെ ദൈവം.

ഏതുകലാകാരനും ലഭിക്കുന്ന പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങുന്നത് അയാളുടെ കരങ്ങളാണെങ്കിലും അത് എത്തിച്ചേരുന്നത് അയാളെ സൃഷ്ടിക്കുന്നതിൽ വലിയ പങ്കുവഹിച്ച സമൂഹത്തിലേക്കാണ്. കാഴ്ചക്കാർ ഉണ്ടായിരുന്നില്ലെങ്കിൽ ആ കലാകാരനോ കലാകാരിയോ ഉണ്ടാവില്ലായിരുന്നു. അക്കാര്യം എല്ലാകാലത്തും ബോധ്യമുള്ളതുകൊണ്ടാണ് എനിക്ക് ലഭിച്ച എല്ലാ പുരസ്‌കാരങ്ങളും മലയാളിക്കും മലയാളത്തിനും കേരളത്തിനാകെയും ലഭിച്ചവയാണ് എന്നു ഞാൻ പറയാറുള്ളത്. ഈ പുരസ്‌കാരവും അങ്ങനെ തന്നെ. മഹത്തായ നിരവധി പുരസ്‌കാരങ്ങൾ ഇടചേർന്നിരിക്കുന്ന നമ്മുടെ സംസ്‌കാരത്തിന്റെ വിശാലമായ ഷോകേസിൽ എനിക്ക് ലഭിച്ച ഈ പുരസ്‌കാരവും സമർപ്പിക്കുന്നു.

ഈ സ്വീകണത്തെ കേരളത്തിന്റെ സ്വീകരണമായി ഞാൻ കണക്കാക്കുന്നു. തിരുവനന്തപുരത്തിന്റെ സ്വീകരണമായി ഹൃദയത്തിലേക്ക് ചേർത്തുവെക്കുന്നു. വിടപറഞ്ഞുപോയ എന്റെ അച്ഛനെയും ജ്യേഷ്ഠനെയും ഞാൻ ഈ നിമിഷം മനസ്സാ സ്മരിക്കുന്നു. ഇപ്പോഴും എനിക്കൊപ്പമുള്ള, ഈ നഗരത്തെ അത്യധികം സ്‌നേഹിക്കുന്ന അമ്മയെയും എന്നുമെന്റെ താങ്ങും തണലുമായിരുന്ന എന്റെ കുടുംബത്തെയും ഞാനോർക്കുന്നു. എന്നുമെന്റെ സൗഹൃദത്തിന് വലിയ വിലകൊടുത്ത് എന്നോടൊപ്പം സഞ്ചരിക്കുന്ന എന്റെ സുഹൃത്തുക്കളെ ഞാനോർക്കുന്നു. എന്റെ പൂർവസൂരികളെ വണങ്ങുന്നു. എന്റെ നാടിന്റെ മണ്ണിൽ വെച്ച് ഇത്രയും ഗംഭീരമായി സ്വീകരണമൊരുക്കിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സാറിനോട് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനോടും വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി സാറിനോടും എന്നെപ്പറ്റി ഒരുപാട് സംസാരിച്ച അടൂർ ഗോപാലകൃഷ്ണൻ സാറിനോടും വേദിയിൽ ഇരിക്കുന്ന മറ്റെല്ലാവരോടുള്ള എന്റെ ഹൃദയത്തിൽ നിറഞ്ഞുവരുന്ന നന്ദി ഞാനറിയിക്കുന്നു. എല്ലാറ്റിനുമപരി മലയാളഭാഷയെയും സംസ്‌കാരത്തെയും ഞാൻ നമസ്‌കരിക്കുന്നു. നന്ദി, നന്ദി, നന്ദി…ജയ് ഹിന്ദ്.”

‘The ruler of the highest pedestal of Indian cinema’; Government honours Mohanlal

Share Email
Top