ന്യൂഡൽഹി: തമിഴ് നടൻ വിജയ് അധ്യക്ഷനായ ടി.വി.കെ.യുടെ രാഷ്ട്രീയ റാലിക്കിടെ കരൂരിൽ 41 പേർ കൊല്ലപ്പെടുകയും നൂറിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സുപ്രീം കോടതി സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടു. നിഷ്പക്ഷത ഉറപ്പുവരുത്തുന്നതിനായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് അജയ് റസ്തോഗിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി സി.ബി.ഐ. അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
സംഭവത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടും പ്രത്യേക അന്വേഷണസംഘത്തെ (എസ്.ഐ.ടി.) നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്തും ടി.വി.കെ.യടക്കം സമർപ്പിച്ച ഒരു കൂട്ടം ഹർജികളിൽ വെള്ളിയാഴ്ച വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയിരിക്കുകയായിരുന്നു. ജസ്റ്റിസുമാരായ കെ. മഹേശ്വരി, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചത്.
മുൻ ജഡ്ജി അജയ് റസ്തോഗിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ സമിതിയിൽ തമിഴ്നാട് സ്വദേശികളല്ലാത്ത, അതേ കേഡറിൽനിന്നുള്ള ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് റാങ്കിൽ കുറയാത്ത രണ്ട് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തണം. ഉദ്യോഗസ്ഥരെ അധ്യക്ഷന് തീരുമാനിക്കാം. അന്വേഷണത്തിന്റെ പ്രതിമാസ റിപ്പോർട്ട് മേൽനോട്ട സമിതിക്ക് കൈമാറണം. ആവശ്യമെങ്കിൽ റിപ്പോർട്ട് കോടതിയുടെ പരിഗണനയ്ക്ക് വയ്ക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സി.ബി.ഐ. അന്വേഷണത്തിലെ തെളിവുകൾ പരിശോധിക്കുന്നതിന് സമിതിക്ക് അധികാരമുണ്ട്. അധ്യക്ഷന്റെ നിർദേശപ്രകാരം സമിതിക്ക് സ്വന്തം നടപടിക്രമങ്ങൾ രൂപീകരിക്കാമെന്നും കോടതി നിർദേശിച്ചു.
മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇതുവരെയുള്ള കണ്ടെത്തലുകൾ സി.ബി.ഐ.ക്ക് കൈമാറാൻ സുപ്രീം കോടതി നിർദേശമുണ്ട്. അന്വേഷണം സി.ബി.ഐ. ഏറ്റെടുത്ത സാഹചര്യത്തിൽ എസ്.ഐ.ടി. പിരിച്ചുവിട്ടു. അന്വേഷണത്തിൽ തമിഴ്നാട് സർക്കാർ പൂർണ്ണ സഹകരണം ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
The Supreme Court has ordered a CBI investigation into the Karur tragedy













