ന്യൂഡൽഹി: കഴിഞ്ഞ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കേവലം 16,825 വോട്ടുകൾക്കാണ് തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് അധികാരം നഷ്ടമായത്. ഭരണവിരുദ്ധ വികാരവും അസുഖവും വേട്ടയാടുന്ന മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഇക്കുറി അനായാസം വീഴ്ത്താമെന്ന് തേജസ്വി യാദവ് സ്വപ്നം കണ്ടിരുന്നു. എന്നാൽ, വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിലൂടെ (എസ്.ഐ.ആർ.) ബിഹാറിൽ കളി മാറിയിരിക്കുകയാണ്.
രാഹുൽ ഗാന്ധിയും തേജസ്വി യാദവും ഒരേപോലെ ആരോപിക്കുന്നത്, ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഈ നീക്കത്തിന് പിന്നിലെന്നാണ്. എസ്.ഐ.ആറിനുശേഷം 2025 ജൂണിൽ നിലവിലുണ്ടായിരുന്ന വോട്ടർപട്ടികയിൽനിന്ന് 68.66 ലക്ഷം വോട്ടർമാരെ വെട്ടിമാറ്റുകയും 21 ലക്ഷം പേരെ കൂട്ടിച്ചേർക്കുകയും ചെയ്തു. ഇതോടെ, കേന്ദ്രത്തിലെയും ബിഹാറിലെയും എൻ.ഡി.എ. സർക്കാറുകൾ പ്രഖ്യാപിച്ച ‘സൗജന്യ’ പദ്ധതികളെക്കാൾ വലിയ ആശങ്കയായി ‘ഇൻഡ്യ’ സഖ്യത്തിന് മുന്നിൽ വോട്ടർപട്ടികാ പരിഷ്‌കരണം മാറിയിട്ടുണ്ട്.
വോട്ട് ചോർച്ചയിൽ ഊന്നി ‘ഇൻഡ്യ’യുടെ പ്രചാരണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഇറക്കിയ അവസാനത്തെ അടവാണ് തിരക്കിട്ട് നടത്തിയ എസ്.ഐ.ആർ. എന്ന് സാധാരണക്കാരെക്കൊണ്ടുപോലും പറയിക്കാൻ രാഹുൽ ഗാന്ധി നയിച്ച ‘വോട്ടർ അധികാർ യാത്രയ്ക്ക്’ സാധിച്ചു. യാത്ര കഴിഞ്ഞപ്പോഴേക്കും ‘വോട്ടു ചോർ ഗദ്ദി ഛോഡ്’ (വോട്ട് കള്ളാ, കസേര വിടൂ) എന്ന മുദ്രാവാക്യം ബിഹാറിൽ ഹിറ്റായി.
ബിഹാറിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നീതിയും നിഷ്പക്ഷതയും പാലിക്കുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് വിജയം അട്ടിമറിക്കാവുന്ന വോട്ട് വെട്ടലും വോട്ട് ചേർക്കലും നടന്നത്. ഗോപാൽഗഞ്ച് (1.5 ലക്ഷം), സരൺ (2.24 ലക്ഷം), സമസ്തിപൂർ (2.18 ലക്ഷം) തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം ലക്ഷക്കണക്കിന് വോട്ടുകളാണ് വെട്ടിമാറ്റിയത്. അതിനാൽ, വോട്ടുചോർച്ച തന്നെയാകും ‘ഇൻഡ്യ’ സഖ്യത്തിന്റെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം.
എൻ.ഡി.എ.യുടെ ആത്മവിശ്വാസവും പ്രതികൂല ഘടകങ്ങളും
എസ്.ഐ.ആർ. നടപടി തങ്ങൾക്ക് അനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി.യും ജെ.ഡി.യു.വും അടങ്ങുന്ന എൻ.ഡി.എ. ഘടകകക്ഷികൾ. അതുകൊണ്ടാണ് അവർ എസ്.ഐ.ആറിനെ ന്യായീകരിക്കുന്നത്. എന്നാൽ, ലക്ഷക്കണക്കിന് വോട്ടർമാർക്ക് വോട്ട് നഷ്ടമായതിന്റെ രോഷം അടിത്തട്ടിൽ ഉയർന്നാൽ കളി മാറിയേക്കാം എന്നും മുന്നറിയിപ്പുണ്ട്.
- ബി.ജെ.പി.യുടെ കരുത്ത്: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. മുന്നണിയെ നയിച്ച നിതീഷ് കുമാറിന്റെ ജെ.ഡി.യുവിനെക്കാൾ ഇരട്ടി സീറ്റുകളാണ് ബി.ജെ.പി. നേടിയത്. സംഘടനാ മികവും ചിരാഗ് പാസ്വാൻ, ജിതിൻ റാം മഞ്ചി, ഉപേന്ദ്ര കുശ്‌വാഹ തുടങ്ങിയവരുടെ ഏകോപനവും ബി.ജെ.പി.ക്ക് നേട്ടമാകും.
- പ്രതികൂല ഘടകങ്ങൾ: പ്രായാധിക്യവും അസുഖവും നിതീഷ് കുമാറിന് പ്രതികൂല ഘടകമാണ്. അദ്ദേഹത്തിന് പകരമായി ഒരു മുഖം ബി.ജെ.പിക്ക് ഇല്ല. ഉപമുഖ്യമന്ത്രി സംരാട്ട് ചൗധരി, സംസ്ഥാന പ്രസിഡന്റ് ദിലീപ് ജയ്‌സ്വാൾ എന്നിവർക്കെതിരെയുള്ള അഴിമതി ആരോപണങ്ങൾ വിശ്വസ്യത തകർത്തിട്ടുണ്ട്. മോദി പ്രഖ്യാപിച്ച സൗജന്യങ്ങളും ഓപ്പറേഷൻ സിന്ദൂറും പ്രചാരണവിഷയമാക്കി ഇത് മറികടക്കാമെന്നാണ് ബി.ജെ.പി. കരുതുന്നത്. തേജസ്വി മുഖ്യമന്ത്രിയായാൽ ‘ജംഗിൾ രാജ്’ ( Jungle Raj) തിരിച്ചുവരുമെന്ന പ്രചാരണവും അവർ ഉയർത്തുന്നു.
കറുത്ത കുതിരയാകുമോ പ്രശാന്ത് കിഷോർ?
നിതീഷ് സർക്കാറിനെതിരായ അഴിമതിയും തൊഴിലില്ലായ്മയും വിഷയമാക്കി ബിഹാറിൽ പ്രചാരണം നടത്തുന്ന പ്രശാന്ത് കിഷോർ, താൻ ‘ഇൻഡ്യ’ സഖ്യത്തിന്റെയും എൻ.ഡി.എ.യുടെയും വോട്ടുകൾ ഒരുപോലെ ചോർത്തുമെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ, പ്രശാന്ത് കിഷോർ ബി.ജെ.പി.യുടെ ‘ബി ടീം’ ആണെന്നാണ് ‘ഇൻഡ്യ’ സഖ്യം ആരോപിക്കുന്നത്. രാഹുൽ ഗാന്ധിയുടെ യാത്രയോടും തേജസ്വി യാദവിന്റെ സ്വന്തം യാത്രയോടുംകൂടി പ്രശാന്ത് കിഷോറിന് ലഭിച്ചിരുന്ന പിന്തുണ കുറഞ്ഞിട്ടുണ്ട്. ബിഹാറിൽ ഈ തിരഞ്ഞെടുപ്പിൽ കറുത്ത കുതിരയാകാനുള്ള പ്രശാന്തിന്റെ ശ്രമം വിജയിക്കുമോ എന്ന് കണ്ടറിയണം.
The upcoming Bihar assembly election is turning into a fierce battle













