കൊച്ചി: കൊച്ചിയിൽ ഹെലികോപ്റ്ററിൽ എത്തിച്ച ഹൃദയം മലപ്പുറം സ്വദേശി അജ്മലിൽ സ്പന്ദിച്ചു തുടങ്ങി. വൈകിട്ട് ആറുമണിയോടെയാണ് ഹൃദയമാറ്റ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എറണാകുളം ലിസി ആശുപത്രിയിൽ പൂർത്തിയായത്. വാഹനാപകടത്തിൽ പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അമൽ ബാബുവിന്റെ ഹൃദയവുമായുള്ള ഹെലികോപ്റ്റർ തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് 1.25 നാണ് പുറപ്പെട്ടത്.
2.10 ന് ഹെലികോപ്റ്റർ ഹയാത്ത് ഹെലിപാഡ് ഗ്രൗണ്ടിലെത്തി. മൂന്ന് മിനിറ്റ് കൊണ്ട് ആംബുലൻസിൽ ഹൃദയം ലിസി ആശുപത്രിയിലെത്തിച്ചു. തുടർന്ന് നേരെ ഓപ്പറേഷൻ തിയേറ്ററിലേക്ക്. തുടർന്ന് ശസ്ത്രക്രിയ നടത്തി. നാലുദിവസം മുൻപ് വാഹനാപകടത്തിൽ പരിക്കേറ്റ 25കാരൻ അമൽ ബാബുവിന് ഇന്ന് രാവിലെയാണ് മസ്തിഷ്‌കമരണം സംഭവിച്ചത്.
അമലിന്റെ ഹൃദയം ഉൾപ്പെടെ നാല് അവയവങ്ങളാണ് ദാനം ചെയ്തത്. കിഡ്‌നിയും കരളും പാൻക്രിയാസും മാറ്റിവയ്ക്കും. ഒരു കിഡ്‌നി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് നൽകി. 70ാം വർഷികാഘോഷത്തിലേയ്ക്ക് കടക്കുന്ന ദിവസമാണ് എറണാകുളം ലിസി ആശുപത്രിയിൽ 33ാമത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്.
This is the 33rd heart transplant surgery at Lissy Hospital; Amal Babu’s heart started beating in Ajmal













