കാബൂള്‍: പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദാരുണാന്ത്യം . പക്തിക പ്രവിശ്യയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് മൂന്നു അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടത്. ഉര്‍ഗുന്‍ ജില്ലയിലുണ്ടായ വ്യോമാക്രമണത്തില്‍ കബീര്‍, സിബ്ഗത്തുള്ള, ഹറൂണ്‍ എന്നീ മൂന്ന് ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.
പക്തിക പ്രവിശ്യയുടെ തലസ്ഥാനമായ ഷറാനയില്‍ ഒരു സൗഹൃദ ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കാന്‍ പോയി മടങ്ങിവരുന്നതിനിടെയാണ് താരങ്ങള്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ക്രിക്കറ്റ് താരങ്ങളോടുള്ള ആദരസൂചകമായി അടുത്ത മാസം നടക്കാനിരുന്ന അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ശ്രീലങ്ക എന്നിവ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് പിന്മാറി.
ക്രിക്കറ്റ് താരങ്ങളുടെ മരണത്തില്‍ അഗാധമായ ദുഃഖം പ്രകടിപ്പിക്കുന്നുവെന്ന് അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് എക്‌സിലൂടെ കുറിച്ചു. അഫ്ഗാനിസ്താനും പാകിസ്താനും തമ്മില്‍ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെയാണ് ഈ സംഭവം. താരങ്ങളുടെ നഷ്ടം അഫ്ഗാനിസ്ഥാന്റെ കായിക ലോകത്തിനും ക്രിക്കറ്റ് കുടുംബത്തിനും വലിയ നഷ്ടമാണെന്ന് ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു.
Three Afghan players die in Pakistan airstrike