മുംബൈ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബെയ്‌റാ തുറമുഖത്തിനു സമീപം ബോട്ട് മുങ്ങി 3 ഇന്ത്യക്കാർ മരിച്ചു. പിറവം വെളിയനാട് പോത്തംകുടിലിൽ സന്തോഷിന്റെയും ഷീനയുടെയും മകൻ ഇന്ദ്രജിത് (22) ഉൾപ്പെടെ 5 ഇന്ത്യക്കാരെ കാണാതായി.
തുറമുഖത്തിനു സമീപം നങ്കൂരമിട്ടിരുന്ന എംടി സീ ക്വസ്റ്റ് എന്ന എണ്ണടാങ്കറിലേക്കു ജീവനക്കാരെ കൊണ്ടുപോകുന്ന ബോട്ടാണു മുങ്ങിയത്. ബോട്ടിലെ ജോലിക്കാരും കപ്പലിൽ ജോലിക്കു കയറേണ്ടവരും ഉൾപ്പെടെ 21 പേരാണു ബോട്ടിൽ ഉണ്ടായിരുന്നത്. ബോട്ടിൽനിന്ന് 13 പേരെ രക്ഷപ്പെടുത്തി. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ചികിത്സയിലുള്ളവരെ സന്ദർശിച്ചു.
മെക്കാനിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയ ഇന്ദ്രജിത്ത് ഒരു വർഷത്തോളമായി കപ്പലിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന കമ്പനിയിലാണു ജോലി ചെയ്യുന്നത്. കപ്പലിൽ ജോലിക്കു കയറുന്നതിനു ബോട്ടിൽ പോകുമ്പോഴായിരുന്നു അപകടം. ബോട്ടിലുണ്ടായിരുന്ന മറ്റൊരു മലയാളി യുവാവ് രക്ഷപ്പെട്ടു. ഇന്ദ്രജിത്തിന്റെ പിതാവ് സന്തോഷും കപ്പലിൽ ജോലി ചെയ്യുകയാണ്. അദ്ദേഹം ശനിയാഴ്ച മൊസാംബിക്കിൽ എത്തും.
മൊസാംബിക് സമയം പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. എണ്ണ ടാങ്കറിലേക്ക് ജീവനക്കാരെ കൊണ്ടുപോവുകയായിരുന്ന സ്കോർപിയോ മറൈൻ മാനേജ്‌മെന്റ് കമ്പനിയുടെ ലോഞ്ച് ബോട്ടാണ് മറിഞ്ഞത്. ബോട്ടിൽ ഏഴ് ജീവനക്കാർ ഉൾപ്പെടെ 21 പേരുണ്ടായിരുന്നു. ഇതിൽ 14 പേർ ഇന്ത്യക്കാരാണെന്നാണ് വിവരം.
ഇലക്ട്രോ-ടെക്നിക്കൽ ഓഫീസർ ശ്രീരാഗ് രാധാകൃഷ്ണൻ, ബോസൻ തരകേശ്വര റാവു, ഏബിൾ സീമാൻ സൈലേഷ്‌കുമാർ സോളങ്കി, ഏബിൾ സീമാൻ മുബീൻ കോരുഹാജിഗെ അതിരിഗെ, ചീഫ് കുക്ക് നന്ദൻ സിംഗ് എന്നിവരെയാണ് കാണാതായത്.
സെക്കൻഡ് ഓഫീസർ അങ്കിത് കുമാർ, തേർഡ് ഓഫീസർ ശ്രീരാഗ് തയ്യിൽ പുറപ്പൊടി, പമ്പ്മാൻ സുനിൽകുമാർ ടാൻഡേൽ, ഓയിലർ അസിം മുക്കാടം, ഏബിൾ സീമാൻ നരേന്ദ്ര ബെഹറ എന്നിവരെ രക്ഷപ്പെടുത്തി. ഓർഡിനറി സീമാൻ റൂബൻ രായർ, ഓർഡിനറി സീമാൻ മോഹൻ സിംഗ് ശെഖാവത്ത് എന്നിവരെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്.
അപകടകാരണം വ്യക്തമല്ല. അപകടം സംഭവിക്കുമ്പോൾ കാലാവസ്ഥ ശാന്തമായിരുന്നുവെന്നാണ് വിവരം. മുംബൈയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (ഡിജി ഷിപ്പിംഗ്) വിവരം മാർഷൽ ദ്വീപുകളുടെ മാരിടൈം അഡ്മിനിസ്ട്രേഷനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് ഇന്ത്യയുമായി പങ്കുവെക്കണമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥൻ മാരിടൈം അഡ്മിനിസ്ട്രേഷനോട് ആവശ്യപ്പെട്ടു.
Three Indians die as boat sinks off Mozambique coast; five missing, including a Malayali