കൊൽക്കത്ത: പശ്ചിമബംഗാളിലെ ദുർഗാപുരിൽ എം.ബി.ബി.എസ്. വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗംചെയ്ത കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. പ്രദേശവാസികളായ അപു ബൗരി (21), ഫിർദൗസ് ഷേഖ് (23), ഷേഖ് റിയാജുദ്ദീൻ (31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കുപുറമേ ഷേഖ് സോഫിഖുൽ എന്നയാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെയെല്ലാം ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, വിദ്യാർത്ഥിനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇയാളെ പൊലീസ് ചോദ്യംചെയ്യണമെന്ന് ദേശീയ വനിതാ കമ്മിഷനംഗം അർച്ചന മജുംദാർ ആവശ്യപ്പെട്ടു. സുഹൃത്തിന്റെ നിർബന്ധത്താലാണ് വിദ്യാർത്ഥിനി രാത്രി കാമ്പസിൽനിന്ന് പുറത്തുപോയതെന്നും ഇവർ പറഞ്ഞു. സംഭവത്തിൽ സുഹൃത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് വിദ്യാർത്ഥിനിയുടെ പിതാവ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
ദുർഗാപുരിലെ ഐ.ക്യു. സിറ്റി മെഡിക്കൽ കോളേജിലെ രണ്ടാംവർഷ എം.ബി.ബി.എസ്. വിദ്യാർത്ഥിനിയാണ് ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സുഹൃത്തിനൊപ്പം പുറത്തേക്ക് പോയ പെൺകുട്ടിയെ പ്രതികൾ വളയുകയും തുടർന്ന് കാമ്പസിൽനിന്ന് ഒരുകിലോമീറ്ററോളം അകലെയുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൂട്ടബലാത്സംഗംചെയ്യുകയുമായിരുന്നു. പെൺകുട്ടിയുടെ മൊബൈൽഫോണും കൈയിലുണ്ടായിരുന്ന 5000 രൂപയും കൈക്കലാക്കിയശേഷമാണ് പ്രതികൾ കടന്നുകളഞ്ഞത്. ബലാത്സംഗത്തിനിരയായ വിദ്യാർത്ഥിനി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
Three individuals have been arrested in connection with the gang-rape of an MBBS student in Durgapur, West Bengal