ന്യൂയോർക്ക്: യുദ്ധമുഖത്തും പ്രകൃതി ദുരന്തങ്ങളിലും മനുഷ്യരെ രക്ഷിക്കാൻ സഹായിക്കുന്ന കൃത്രിമ രക്തം 2030-ഓടെ വിപണിയിൽ എത്തിയേക്കും. ലോകമെമ്പാടുമുള്ള രക്തക്ഷാമം പരിഹരിക്കുന്നതിനും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനും വേണ്ടി അമേരിക്ക, ജപ്പാൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളുൾപ്പെടെ കൃത്രിമ രക്തത്തിനായുള്ള പരീക്ഷണങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്.
ജപ്പാൻ വികസിപ്പിച്ച കൃത്രിമ രക്തത്തിന് സ്വാഭാവിക രക്തത്തിൽ നിന്ന് വ്യത്യസ്തമായി പർപ്പിൾ നിറമാണ്. സ്വാഭാവിക രക്തത്തിലേതുപോലെ ചുവന്ന രക്താണുക്കൾ, ഹീമോഗ്ലോബിൻ എന്നിവ കൃത്രിമ രക്തത്തിലും ഉണ്ടാകും. ശരീരത്തിന്റെ എല്ലാ ഭാഗത്തും ഓക്സിജൻ എത്തിക്കുക, മാലിന്യം നീക്കം ചെയ്യുക എന്നിവയാണ് സ്വാഭാവിക രക്തത്തിന്റെ പ്രധാന ധർമ്മങ്ങൾ. എന്നാൽ, കൃത്രിമ രക്തം പ്രധാനമായും ഓക്സിജൻ വാഹിനിയായിട്ടാണ് പ്രവർത്തിക്കുക.
ഏത് ഗ്രൂപ്പുകാർക്കും നൽകാം; സൂക്ഷിക്കാൻ എളുപ്പം
വെളുത്ത രക്താണുക്കളും പ്ലേറ്റ്ലെറ്റുകളുമില്ലാത്തതിനാൽ ഈ കൃത്രിമ രക്തം ഏത് ബ്ലഡ് ഗ്രൂപ്പുകാർക്കും നൽകാൻ സാധിക്കും. കൂടാതെ, അന്തരീക്ഷ ഊഷ്മാവിൽപോലും രണ്ടുവർഷം വരെ കേടുകൂടാതെ സൂക്ഷിക്കാം. അണുബാധ ഉണ്ടാകാനുള്ള സാധ്യതയുമില്ല. പുറമേ നിന്നുള്ള മനുഷ്യരക്തം ശരീരം നിരാകരിക്കുന്ന (റിജക്ട് ചെയ്യുന്ന) രോഗികൾക്കും ഇത് ഉപയോഗിക്കാം. ഈ കൃത്രിമ രക്തം നൽകുന്നതിലൂടെ ആരോഗ്യം വീണ്ടെടുക്കുമ്പോൾ സ്വാഭാവിക രക്തത്തിന്റെ കുറവ് പരിഹരിക്കാൻ സാധിക്കും. രക്തബാങ്ക് സൗകര്യമില്ലാത്ത മേഖലകളിലും സംഭരണം എളുപ്പമാണിത്.
പരീക്ഷണങ്ങൾ പുരോഗമിക്കുന്നു
2019 മുതൽ മൃഗങ്ങളിലും 2020 മുതൽ മനുഷ്യരിലും ജപ്പാൻ കൃത്രിമ രക്തം വിജയകരമായി പരീക്ഷിച്ചു വരികയാണ്. 2030-ഓടെ ഇത് പുറത്തിറക്കാനാണ് ജപ്പാന്റെ ശ്രമം. മനുഷ്യരിൽ നിന്നോ മൃഗങ്ങളിൽ നിന്നോ എടുക്കുന്ന ശുദ്ധീകരിച്ച ഹീമോഗ്ലോബിനാണ് ഇതിന്റെ അടിസ്ഥാന ഘടകം. ഇതിൽ നിന്ന് ചുവന്ന രക്താണുക്കളെ വികസിപ്പിച്ചാണ് രക്തസമാനമായ രൂപത്തിലേക്ക് മാറ്റുന്നത്. പ്രക്രിയ സങ്കീർണ്ണമായതിനാൽ നിർമ്മാണത്തിന് വലിയ ചെലവ് വരാൻ സാധ്യതയുണ്ട്.
സന്നദ്ധ രക്തദാനം വർഷം തോറും വർദ്ധിക്കുന്നുണ്ടെങ്കിലും, ആവശ്യകത കൂടുന്നതിനാൽ ലോകമെമ്പാടും രക്തത്തിന്റെ ക്ഷാമം ഇപ്പോഴും ഒരു വെല്ലുവിളിയായി തുടരുകയാണ്. ഈ സാഹചര്യത്തിൽ കൃത്രിമ രക്തത്തിന്റെ കണ്ടുപിടിത്തം വലിയൊരു വഴിത്തിരിവാകും.
Artificial blood may hit the market by 2030; could be life-saving in war zones and disasters