ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലയിൽ വാഹനപരിശോധനയ്ക്കിടെ പോലീസുകാർ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ രണ്ട് പോലീസ് കോൺസ്റ്റബിൾമാരെ അറസ്റ്റ് ചെയ്തു.
ആന്ധ്രാ സ്വദേശിയായ യുവതിയാണ് അതിക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായത്. പുലർച്ചെ ഒരു മണിയോടെ ഏന്തൾ ചെക്ക്പോസ്റ്റിനോട് ചേർന്നാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
പഴക്കച്ചവടത്തിനായി ചിറ്റൂരിൽ നിന്ന് തമിഴ്നാട്ടിലേക്ക് വാഹനത്തിൽ വരികയായിരുന്ന യുവതിയും അമ്മയുമാണ് പോലീസുകാരുടെ ക്രൂരതയ്ക്ക് ഇരയായത്. വാഹനപരിശോധനയ്ക്കിടെ, യുവതിയുടെ അമ്മയെ മർദ്ദിച്ചതിന് ശേഷം, അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
പീഡനത്തിന് ശേഷം പുലർച്ചയോടെ പോലീസുകാർ യുവതിയെ റോഡരികിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. നാട്ടുകാരുടെ സഹായത്തോടെയാണ് അമ്മ മകളെ കണ്ടെത്തിയത്.
സംഭവത്തിൽ പോലീസ് കോൺസ്റ്റബിൾമാരായ സുരേഷ് രാജ്, സുന്ദർ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസുകാർക്കെതിരെ ഗുരുതരമായ ലൈംഗികാതിക്രമ കുറ്റം ചുമത്തി കേസെടുത്തു.