ഡൽഹി : ഉത്തർപ്രദേശിൽ വീണ്ടും സ്ഥലത്തിന്റെ പേര് മാറ്റൽ. ലഖിംപൂർ ഖേരി ജില്ലയിലെ മുസ്തഫാബാദ് ഗ്രാമത്തിന്റെ പേര് ‘കബീർ ധാം’ എന്ന് മാറ്റാൻ സർക്കാർ നിർദ്ദേശം സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. കവി കബീർ ദാസിന്റെ പാരമ്പര്യവുമായി ബന്ധപ്പെട്ട ഈ പ്രദേശത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ വ്യക്തിത്വം പുനഃസ്ഥാപിക്കുകയാണ് പേര് മാറ്റുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഗ്രാമത്തിൽ മുസ്‌ലിം ജനസംഖ്യയില്ലെന്ന് അറിഞ്ഞപ്പോൾ, ഞാൻ അത്ഭുതപ്പെട്ടുവെന്നും മുസ്തഫാബാദ് എന്ന പേര് മാറ്റി കബീർ ധാം എന്ന് നൽകണമെന്ന് താൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി. അലഹബാദിനെ പ്രയാഗ്‌രാജ് എന്നും ഫൈസാബാദിനെ അയോധ്യ എന്നും പുനർനാമകരണം ചെയ്തതുപോലെ, മുസ്തഫാബാദിനും അതിന്റെ യഥാർത്ഥ നാമം തിരികെ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥലപ്പേര് മാറ്റുന്നു, മുസ്തഫാബാദ് ഇനി കബീർ ധാം, നിർദ്ദേശം നൽകിയതായി യോഗി ആദിത്യനാഥ്
October 27, 2025 7:39 pm











