വാഷിങ്ടൺ: ലോകത്തെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികളായ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കങ്ങളിൽ മഞ്ഞുരുക്കത്തിന്റെ സൂചനകൾ. ഇരുരാജ്യങ്ങളും ഒരു വ്യാപാരക്കരാറിന്റെ രൂപരേഖ തയ്യാറാക്കിയതായി ചൈനീസ് പ്രതിനിധി ലി ചെങ്ഗാങ് വെളിപ്പെടുത്തി. ആസിയാൻ ഉച്ചകോടിയോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവെ, തർക്കവിഷയങ്ങളിൽ പ്രാഥമിക ധാരണയിലെത്തിയതായി ലി വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും കരാറിന് വഴിയൊരുങ്ങിയതായി സ്ഥിരീകരിച്ചു. ഒക്ടോബർ 30 നാകും ഇരു രാജ്യങ്ങളുടെയും തലവന്മാർ തമ്മിലുള്ള കൂടിക്കാഴ്ച നടക്കുകയെനവ്നാണ് വിവരം.
ചൈന, യുഎസിൽ നിന്നുള്ള സോയാബീൻ ഇറക്കുമതി പുനരാരംഭിക്കുമെന്നും, യുഎസ് ചൈനയ്ക്ക് മേൽ ചുമത്തിയ 100 ശതമാനം തീരുവ ഒഴിവാകുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് അറിയിച്ചു. വ്യാപാര യുദ്ധം കൂടുതൽ വഷളാകാതിരിക്കാൻ ഇരുപക്ഷവും ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കങ്ങൾ. ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്റെ ഭാഗമായി ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ ഒക്ടോബർ 30ന് ദക്ഷിണ കൊറിയയിലെ ബുസാനിൽ നടക്കുന്ന ഏഷ്യ-പസഫിക് എക്കണോമിക് കോ-ഓപ്പറേഷൻ ഉച്ചകോടിയിൽ വെച്ച് കാണും. വൈറ്റ് ഹൗസും ഈ കൂടിക്കാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്.
2019ലെ ജി20 ഉച്ചകോടിക്ക് ശേഷം ട്രംപും ഷിയും തമ്മിലുള്ള ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയാണിത്. ട്രംപ് വെള്ളിയാഴ്ച മലേഷ്യയിലേക്ക് പുറപ്പെടുകയും ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്യും. ചൈനയ്ക്ക് മേൽ 150 ശതമാനം വരെ തീരുവ ഏർപ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് ചൈന ശക്തമായി പ്രതികരിച്ചിരുന്നെങ്കിലും, ഈ കൂടിക്കാഴ്ച വ്യാപാര പ്രശ്നങ്ങളിൽ പരിഹാരം കാണുമെന്ന പ്രതീക്ഷ ലോകത്തിന് നൽകുന്നു.













