വാഷിങ്ടൺ: യു.എസ്. സർവകലാശാലകളിൽ പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾക്ക് തിരിച്ചടിയായേക്കാവുന്ന പുതിയ ഉത്തരവ് പുറത്ത്. ഫെഡറൽ ഫണ്ടുകൾക്ക് മുൻഗണന ലഭിക്കുന്നതിനായി സർവകലാശാലകൾ പാലിക്കേണ്ട നിരവധി ആവശ്യകതകൾ അറിയിച്ചുകൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്സ് ഗവൺമെന്റ് ഒമ്പത് പ്രമുഖ സർവകലാശാലകൾക്ക് മെമ്മോ അയച്ചിട്ടുണ്ട്.
ട്രംപ് ഭരണകൂടം അയച്ച 10 പോയിന്റ് മെമ്മോ പ്രകാരം, അന്താരാഷ്ട്ര ബിരുദ വിദ്യാർത്ഥികളുടെ അളവ് മൊത്തം പ്രവേശനത്തിന്റെ 15% ആയി പരിമിതപ്പെടുത്തണം. ഇതിൽ ഒരു രാജ്യത്ത് നിന്നുള്ള വിദ്യാർത്ഥികൾക്ക് 5%-ൽ കൂടുതൽ പ്രവേശനം നൽകാൻ അനുവാദമില്ല. ‘എ കോംപാക്റ്റ് ഫോർ അക്കാദമിക് എക്സലൻസ് ഇൻ ഹയർ എഡ്യൂക്കേഷൻ’ (A Compact for Academic Excellence in Higher Education) എന്ന പേരിലാണ് സർക്കാർ മെമ്മോ അയച്ചിരിക്കുന്നത്.
മെമ്മോയിലെ പ്രധാന ആവശ്യകതകൾ
- അന്താരാഷ്ട്ര വിദ്യാർത്ഥി പരിധി: ബിരുദ പ്രവേശനത്തിൽ 15%-ൽ കൂടുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾ ഉണ്ടാകാൻ പാടില്ല, ഒരു രാജ്യത്ത് നിന്ന് 5% മാത്രമെ അനുവദിക്കൂ.
- വിവേചനം ഒഴിവാക്കുക: വിദ്യാർത്ഥികൾ, അധ്യാപകർ, ജീവനക്കാർ എന്നിവരുടെ വംശം, ലിംഗം എന്നിവ പ്രവേശനത്തിലോ സാമ്പത്തിക സഹായത്തിലോ പരിഗണിക്കരുത്.
- ഡാറ്റാ സുതാര്യത: വംശം, ലിംഗഭേദം, ദേശം എന്നിവ നോക്കി വേർതിരിച്ചുള്ള ജി.പി.എ., ടെസ്റ്റ് സ്കോറുകൾ ഉൾപ്പെടെയുള്ള പ്രവേശന ഡാറ്റ സർവകലാശാലകൾ പൊതുജനങ്ങൾക്ക് നൽകണം.
- സ്റ്റാൻഡേർഡ് ടെസ്റ്റുകൾ: എല്ലാ അപേക്ഷകരും സാറ്റ് (SAT) പോലുള്ള സ്റ്റാൻഡേർഡ് ടെസ്റ്റുകൾ എഴുതിയിരിക്കണം.
- ട്യൂഷൻ ഫീസ്: അഞ്ചു വർഷത്തേക്കുള്ള ട്യൂഷൻ ഫീസ് മാറ്റമില്ലാതെ തുടരണം. ഭരണപരമായ ചെലവുകൾ കുറയ്ക്കണം.
- മൂല്യ പരിശോധന: വിദേശ വിദ്യാർത്ഥികൾ അമേരിക്കൻ, പാശ്ചാത്യ മൂല്യങ്ങൾ പങ്കിടുന്നുണ്ടോ എന്ന് പരിശോധിക്കണം.
- രാഷ്ട്രീയ നിലപാട്: സർവകലാശാലകൾ ‘ഡോമിനന്റ് പൊളിറ്റിക്കൽ ഐഡിയോളജിയിൽ’നിന്ന് അകലം പാലിക്കണം.
മെമ്മോയിൽ പറഞ്ഞിട്ടുള്ള തീരുമാനങ്ങൾ അനുസരിക്കുന്ന സർവകലാശാലകൾക്ക് ഫണ്ടിങ് റീവാർഡുകൾ ലഭിക്കും. എന്നാൽ അനുസരിക്കാൻ വിസമ്മതിക്കുന്നവർക്ക് ഫെഡറൽ ആനുകൂല്യങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
ഇന്ത്യൻ വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികൾ
യു.എസ്. സർവകലാശാലകളിൽ നിലവിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ 33% പേരും ഇന്ത്യയിൽനിന്നും ചൈനയിൽനിന്നുമുള്ളവരാണ്. ഈ പുതിയ പരിധി, മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ ഭാവിയെ സാരമായി ബാധിക്കും. ഒരു രാജ്യത്തിന് 5% എന്ന നിബന്ധന കാരണം, മികച്ച വിദ്യാർത്ഥികൾക്ക് പോലും അവർ ലക്ഷ്യമിടുന്ന കോളേജുകളിൽ പ്രവേശനം ലഭിക്കാതെ വരാൻ സാധ്യതയുണ്ട്.
അമേരിക്കൻ, പാശ്ചാത്യ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് വിദ്യാർത്ഥികളെ പരിശോധിക്കണമെന്ന നിർദേശം, വിസകളെയും ഭാവിയിൽ നാടുകടത്തൽ പോലെയുള്ള സാഹചര്യങ്ങളെയും ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് ഒരു വിദ്യാർത്ഥി പ്രതികരിച്ചു.
മെമ്മോ ലഭിച്ച സർവകലാശാലകൾ:
- അരിസോണ യൂണിവേഴ്സിറ്റി
- ബ്രൗൺ യൂണിവേഴ്സിറ്റി
- ഡാർട്ട്മൗത്ത് കോളേജ്
- മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി.)
- പെൻസിൽവാനിയ യൂണിവേഴ്സിറ്റി
- സതേൺ കാലിഫോർണിയ യൂണിവേഴ്സിറ്റി
- ടെക്സസ് യൂണിവേഴ്സിറ്റി
- വിർജീനിയ യൂണിവേഴ്സിറ്റി
- വാൻഡർബിൽറ്റ് യൂണിവേഴ്സിറ്റി
The US government has sent a 10-point memo to nine major universities mandating that international graduate student enrollment be capped at 15%













