ന്യൂഡല്‍ഹി: ഇറാനിലെ തന്ത്രപ്രധാനമായ ചാബഹാർ തുറമുഖത്തിന് മേലുള്ള അമേരിക്കൻ ഉപരോധങ്ങളിൽ ഇന്ത്യക്ക് ആറുമാസത്തെ ഇളവ് അനുവദിച്ചു. യു എസ് ഈ ഇളവ് നൽകിയ വിവരം ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ സ്ഥിരീകരിച്ചു. ഈ ഇളവ് ബുധനാഴ്ച പ്രാബല്യത്തിൽ വന്നതോടെ ഇറാനുമായുള്ള വ്യാപാര, ഗതാഗത ബന്ധങ്ങളിൽ ഇന്ത്യക്ക് താത്കാലിക ആശ്വാസമാകും.
കഴിഞ്ഞ ഒരു ദശാബ്ദമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ചാബഹാർ തുറമുഖം, ഇറാനുമായുള്ള വ്യാപാരത്തിനും അഫ്ഗാനിസ്ഥാനിലേക്കുള്ള ബദൽ കണക്റ്റിവിറ്റിക്കും നിർണായകമാണ്. നേരത്തേ തുറമുഖത്ത് ഇന്ത്യക്ക് സാന്നിധ്യം അനുവദിച്ചുകൊണ്ട് യു എസ് ദീർഘകാലമായി ഉപരോധത്തിൽ ഇളവ് അനുവദിച്ചിരുന്നു. എന്നാൽ, ട്രംപ് ഭരണകൂടം ഒരു മാസം മുൻപ് ഈ ഇളവ് റദ്ദാക്കിയതിനെ തുടർന്നാണ് ഇന്ത്യ വീണ്ടും സമ്മർദ്ദം ചെലുത്തിയത്.
“ചാബഹാറിന് ബാധകമായ അമേരിക്കൻ ഉപരോധങ്ങളിൽ ആറുമാസത്തെ ഇളവ് ലഭിച്ചു എന്ന് സ്ഥിരീകരിക്കാനായിട്ടുണ്ട്,” വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതിവാര മാധ്യമ സമ്മേളനത്തിനിടെ പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച്, ഇന്ത്യ ചർച്ചയ്ക്കായി സമീപിച്ചതിനെത്തുടർന്ന് യു എസ് ഭരണകൂടം ആദ്യം ഒരു മാസത്തെ ഇളവ് അനുവദിക്കുകയായിരുന്നു. അതിനുശേഷമാണ് ഈ ആഴ്ച ആറുമാസത്തെ ഇളവ് ഔദ്യോഗികമായി നൽകിയത്.
ചാബഹാർ തുറമുഖത്തിന് 2018-ൽ നൽകിയ ഉപരോധ ഇളവ് സെപ്റ്റംബർ 29-ന് റദ്ദാക്കുമെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ട്രംപ് പ്രസിഡൻ്റ് പദത്തിൽ ആദ്യതവണ വന്നപ്പോഴാണ് ഈ ഇളവ് അനുവദിച്ചത്. യു എസ് സൈന്യം അഫ്ഗാൻ താലിബാനുമായി പോരാടിയിരുന്ന സമയത്ത്, പാകിസ്താനെ മറികടന്ന് അഫ്ഗാനിസ്ഥാനിലേക്ക് ബദൽ കണക്റ്റിവിറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അന്ന് ഈ ഇളവ് നൽകിയത്. അന്ന് ഇന്ത്യയും യു എസും കാബൂളിലെ മുൻ സിവിൽ സർക്കാരിനെ പിന്തുണച്ചിരുന്നു.
US Grants India Six-Month Sanctions Waiver for Operations at Iran’s Chabahar Port













