വാഷിങ്ടൺ: യുഎസ് ഗവൺമെന്റിന്റെ ഭാഗികമായ അടച്ചുപൂട്ടൽ (ഷട്ട്ഡൗൺ) മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ, പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ ഫലം കണ്ടിട്ടില്ല. ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഹ്രസ്വകാല ഫണ്ടിങ് ബിൽ യുഎസ് സെനറ്റിൽ പത്താം തവണയും വോട്ടിനിട്ട് പരാജയപ്പെട്ടു.
ബിൽ പാസാക്കാൻ ആവശ്യമായ അറുപത് വോട്ടുകൾ നേടാൻ റിപ്പബ്ലിക്കൻമാർക്ക് കഴിഞ്ഞില്ല. ഡെമോക്രാറ്റിക് സെനറ്റർമാർ ഒറ്റക്കെട്ടായി വോട്ട് ചെയ്തതാണ് ബിൽ പരാജയപ്പെടാൻ കാരണം. ആരോഗ്യ പരിരക്ഷാ സബ്‌സിഡികൾ ഉൾപ്പെടുത്താത്ത ബില്ലിനെതിരെ ഡെമോക്രാറ്റുകൾ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഈ ഫണ്ടിങ് പ്രതിസന്ധി അടുത്തയാഴ്ചയോടെ മൂന്നാഴ്ചയിലേക്ക് എത്തുമെന്ന് ഇതോടെ ഉറപ്പായി.
ലക്ഷക്കണക്കിന് ഫെഡറൽ ജീവനക്കാരാണ് ശമ്പളമില്ലാതെ തുടരുന്നത്. അടച്ചുപൂട്ടൽ നീണ്ടുപോകുന്നത് യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീമമായ നഷ്ടം വരുത്തുന്നെന്ന് ധനകാര്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
പ്രതിസന്ധിക്ക് ആര് ഉത്തരവാദിയെന്നതിനെച്ചൊല്ലി ഇരു പാർട്ടികളും പരസ്പരം പഴിചാരുകയാണ്. ഉടൻ സമവായം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് വാഷിങ്ടൺ ഡി.സി.യിലെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
US shutdown enters third week; short-term funding bill fails for 10th time













