രണ്ട് മാസമായി, യുഎസ് സൈന്യം കരീബിയൻ കടലിൽ യുദ്ധക്കപ്പലുകൾ, പോർ വിമാനങ്ങൾ, ബോംബറുകൾ, ഡ്രോണുകൾ, ചാരവിമാനങ്ങൾ എന്നിവയുടെ ഒരു നിരതന്നെ വിന്യസിച്ചിരിക്കുകയാണ്. പതിറ്റാണ്ടുകളായി അവിടെയുള്ള ഏറ്റവും വലിയ വിന്യാസമാണിത്.
ദീർഘദൂര ബോംബർ വിമാനങ്ങളായ B-52, വെനിസ്വേലയുടെ തീരത്ത് “ബോംബർ അഭ്യാസ പ്രകടനങ്ങൾ” നടത്തിയിട്ടുണ്ട്. വെനിസ്വേലയിലേക്ക് സിഐഎയെ വിന്യസിക്കാൻ ട്രംപ് അനുമതി നൽകി, ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ ഈ മേഖലയിലേക്ക് അയച്ചും കഴിഞ്ഞു.
“മയക്കുമരുന്ന്”, “മയക്കുമരുന്ന്-ഭീകരർ” എന്നിവ വഹിക്കുന്നതായി ആരോപിക്കുന്ന വെനിസ്വേലയിൽ നിന്നുള്ള കപ്പലുകൾക്ക് നേരെ യുഎസ് നിരന്തരം ആക്രമണം നടത്തുന്നുണ്ട്. ഏതാണ്ട് 43 പേരുടെ ജീവൻ നഷ്ടമായതായി യുഎസ് പറയുന്നു. കപ്പലുകളെ കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ നൽകിയിട്ടില്ല. മയക്കുമരുന്ന് കടത്തിനെതിരായ യുദ്ധമായായാണ് യുഎസ് ഇതിനെ വ്യാഖ്യാനിക്കുന്നത്. എന്നാൽ വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അധികാരത്തിൽ നിന്ന് നിഷ്കാസനം ചെയ്യാനുള്ള യുഎസ് ശ്രമമായി ഇതിനെ വ്യാഖ്യാനിക്കുകയാണ് ലാറ്റിൻ അമേരിക്കൻ അക്കാദമിക്കുകൾ.
“ഈ പടപ്പുറപ്പാട് ഭരണമാറ്റത്തിനു വേണ്ടിയാണ്. യുഎസ് അധിനിവേശം നടത്താനൊന്നും പോകുന്നില്ല,” ചാത്തം ഹൗസ് സീനിയർ ഫെലോ ഡോ. ക്രിസ്റ്റഫർ സബാറ്റിനി പറയുന്നു. വെനിസ്വേലൻ സൈന്യത്തിന്റെയും മഡുറോയുടെ ഉൾവൃത്തത്തിൽ “ഭയം ജനിപ്പിക്കാൻ” ഉദ്ദേശിച്ചുള്ള ശക്തി പ്രകടനമാണ് സൈനിക നടപടിയെന്ന് അദ്ദേഹം വാദിക്കുന്നു.
യുഎസ് ഭരണകൂടം, പ്രത്യേകിച്ച് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, മഡുറോ നിഷ്കാസിതനായി കാണാൻ ആഗ്രഹിക്കുന്നുവെന്നത് രഹസ്യമല്ല. ഈ വർഷം ആദ്യം, ഫോക്സ് ന്യൂസ് അഭിമുഖത്തിൽ മഡുറോ ഒരു “ഭയാനക സ്വേച്ഛാധിപതി” ആണെന്നും മഡുറോ രാജിവയ്ക്കണമെന്നും റൂബിയോ ആവശ്യപ്പെട്ടിരുന്നു.
2024-ലെ അവസാന തിരഞ്ഞെടുപ്പിനെ പല രാജ്യങ്ങളും വെനിസ്വേലയിലെ പ്രതിപക്ഷവും വ്യാപകമായി തള്ളിക്കളഞ്ഞിരുന്നു. മഡുറോയെ വെനിസ്വേലയുടെ പ്രസിഡന്റായി അമേരിക്ക അംഗീകരിക്കുന്നില്ല. 2019-ൽ ട്രംപിന്റെ ആദ്യ പ്രസിഡന്റായിരുന്നപ്പോളും കാരക്കാസിലെ യുഎസ് എംബസി അടച്ചുപൂട്ടിയിരുന്നു
മഡുറോയുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്കുള്ള പ്രതിഫലം 50 മില്യൺ ഡോളറായി യുഎസ് വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ വിശ്വസ്തരും അടുത്ത വൃത്തത്തിലുള്ളവരുമായ ആളുകൾക്ക് അദ്ദേഹത്തെ ഒറ്റാൻ ഒരു പ്രോത്സാഹനമാണ്. എന്നാൽ ഇതുകൊണ്ട് ഇതുവരെ ഒരു കാര്യവുമുണ്ടായില്ല.
വെനിസ്വേല പോലുള്ള എണ്ണ സമ്പന്നമായ ഒരു രാജ്യത്ത് അഴിമതിയിലൂടെ ധാരാളം പണം സമ്പാദിക്കാനുണ്ട്. ട്രഷറിയുടെ മുൻ മേധാവിയായ അലജാൻഡ്രോ ആൻഡ്രേഡ്, 1 ബില്യൺ ഡോളർ കൈക്കൂലി വാങ്ങിയ കേസിലെ പ്രതിയാണ്.
ഏതൊരു ഭരണമാറ്റത്തിനും വെനിസ്വേലൻ സൈന്യത്തിന്റെ പങ്ക് നിർണായകമാണ്. എന്നാൽ മഡുറോയ്‌ക്കെതിരെ തിരിയാനും അദ്ദേഹത്തെ പുറത്താക്കാനും സൈന്യം ശ്രമിച്ചേക്കില്ല.
500 മില്യൺ ഡോളർ കൊടുത്താൽ പോലും മഡുറോയുടെ അടുത്ത വൃത്തത്തിലുള്ളവരെ പിടിക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് ഷിക്കാഗോ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറായ മൈക്കൽ ആൽബർട്ടസ് പറയുന്നു. “സ്വേച്ഛാധിപതികൾ എപ്പോഴും അവരുടെ അടുത്ത വൃത്തത്തെപ്പോലും സംശയിക്കുന്നു, അതിനാൽ, അവരെ നിരീക്ഷിക്കുന്നതിനും വിശ്വസ്തത ഉറപ്പാക്കുന്നതിനുമുള്ള സംവിധാനങ്ങൾ അവർ സൃഷ്ടിച്ചിട്ടുണ്ടാവും ,” അദ്ദേഹം പറഞ്ഞു.
വെനിസ്വേലയ്‌ക്കെതിരായ യുഎസ് സാമ്പത്തിക ഉപരോധങ്ങൾ ഇതിനകം തന്നെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ വഷളാക്കിയിട്ടുണ്ട്, പക്ഷേ ജനത്തെ അവരുടെ പ്രസിഡന്റിനെതിരെ തിരിയാൻ പ്രേരിപ്പിക്കുന്നതിൽ വിജയിച്ചിട്ടില്ല.
മയക്കുമരുന്ന് കടത്തുകാർക്കെതിരായ യുദ്ധമാണിതെന്നാണ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്, ഒക്ടോബർ 16 ന് യുഎസ് ആക്രമിച്ച കപ്പലിൽ നിറയെ ഫെന്റനൈൽ ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഫെന്റനൈൽ പ്രധാനമായും ഉത്പാദിപ്പിക്കുന്നത് തെക്കേ അമേരിക്കയിലല്ല, മെക്സിക്കോയിലാണ്, തെക്കൻ അതിർത്തിയിലൂടെയാണ് അത് യുഎസിലേക്ക് വരുന്നത്.
2020 മുതൽ, പ്രസിഡന്റ് മഡുറോ മയക്കുമരുന്ന് കടത്തിനും നാർക്കോ-ഭീകരവാദ സംഘടനയ്ക്കും നേതൃത്വം നൽകുന്നതായി യുഎസ് നീതിന്യായ വകുപ്പ് ആരോപിക്കുന്നു,എന്നാൽ മഡുറോ അത് നിഷേധിക്കുന്നു. വെനിസ്വേലയിൽ നിന്ന് “മയക്കുമരുന്ന് വരുന്നതിനാൽ” വെനിസ്വേലയിൽ രഹസ്യ പ്രവർത്തനങ്ങൾ നടത്താൻ സിഐഎയെ അധികാരപ്പെടുത്തിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
വെനിസ്വേല വലിയ അളവിൽ കൊക്കെയ്ൻ ഉത്പാദിപ്പിക്കുന്നില്ല – അത് പ്രധാനമായും കൊളംബിയ, പെറു, ബൊളീവിയ എന്നിവയാണ്. വെനിസ്വേല വഴി ചിലർ കൊക്കെയ്ൻ കടത്തുന്നുണ്ടെന്ന് ആരോപിച്ച് വെനിസ്വേല സർക്കാർ തന്നെ അവിടത്തെ നിയമം കർശനമാക്കിയിട്ടുണ്ട്.
2025 ലെ യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷൻ റിപ്പോർട്ട് പറയുന്നത് യുഎസിൽ പിടിച്ചെടുത്ത കൊക്കെയ്‌നിന്റെ 84% കൊളംബിയയിൽ നിന്നാണ് എന്നാണ്. മറ്റ് രാജ്യങ്ങളെ പരാമർശിച്ചിട്ടുണ്ടെങ്കിലും അതിന്റെ കൊക്കെയ്ൻ വിഭാഗത്തിൽ വെനിസ്വേലയെ പരാമർശിച്ചിട്ടില്ല താനും. അപ്പോൾ പിന്നെ ട്രംപ് ലക്ഷ്യം വയ്ക്കുന്നത് എന്താണ്. ഈ സൈനിക സന്നാഹത്തിന്റെ പ്രധാന ലക്ഷ്യം മഡുറോയെ ഭീഷണിപ്പെടുത്തുക എന്നതാണോ? മഡുറോ ഭരണകൂടത്തെ ബലപ്രയോഗത്തിലൂടെ പുറത്താക്കാനുള്ള ഒരു യഥാർത്ഥ ശ്രമമാണോ നടക്കുന്നത് എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.













