‘പി.എം. ശ്രീ’ പദ്ധതിയിൽ ചേർന്നത് തന്ത്രപരമായ നീക്കം; കുട്ടികളുടെ ഭാവി വെച്ച് പന്താടാൻ കഴിയില്ല: വിശദീകരണവുമായി മന്ത്രി വി. ശിവൻകുട്ടി

‘പി.എം. ശ്രീ’ പദ്ധതിയിൽ ചേർന്നത് തന്ത്രപരമായ നീക്കം; കുട്ടികളുടെ ഭാവി വെച്ച് പന്താടാൻ കഴിയില്ല: വിശദീകരണവുമായി മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ‘പി.എം. ശ്രീ’ (പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ) പദ്ധതിയിൽ ചേരാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ഫണ്ട് ലഭ്യമാക്കുന്നതിനുള്ള തന്ത്രപരമായ നീക്കമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിശദീകരിച്ചു. രാഷ്ട്രീയപരമായ സമ്മർദ്ദങ്ങളുടെ പേരിൽ കുട്ടികളുടെ ഭാവി വെച്ച് പന്താടാൻ സർക്കാരിന് കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാനത്തിന് ലഭിക്കേണ്ട 1466 കോടിയിലധികം രൂപയുടെ കേന്ദ്രവിഹിതം തടഞ്ഞുവെച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. ഈ ഫണ്ട് കേരളത്തിലെ കുട്ടികൾക്ക് അർഹതപ്പെട്ടതാണ്. ഈ പണം ലഭിച്ചാൽ മാത്രമേ സമഗ്ര ശിക്ഷാ കേരളം വഴിയുള്ള വിവിധ വിദ്യാഭ്യാസ പരിപാടികളും 7000-ത്തിലധികം അധ്യാപകരുടെ ശമ്പളവും മുടക്കമില്ലാതെ നൽകാൻ കഴിയൂ.

പി.എം. ശ്രീ പദ്ധതിയിൽ ചേർന്നതുകൊണ്ട് മാത്രം ദേശീയ വിദ്യാഭ്യാസ നയം 2020 പൂർണ്ണമായി അംഗീകരിക്കേണ്ടിവരും എന്ന വാദം സാങ്കേതികം മാത്രമാണ്. കേരളത്തിന് അതിൻ്റേതായ വിദ്യാഭ്യാസ നയമുണ്ട്. ഈ നയത്തിൽ നിന്ന് ഒരടി പോലും പിന്നോട്ട് പോകില്ല. സിലബസിൽ നിന്ന് ചരിത്രവസ്തുതകൾ ഒഴിവാക്കുന്നത് ഉൾപ്പെടെ കേരളം അംഗീകരിക്കാത്ത ഒരു കാര്യവും ഇവിടെ നടപ്പാക്കില്ലെന്നും മന്ത്രി ഉറപ്പിച്ചു പറഞ്ഞു.

ആരോഗ്യ വകുപ്പ്, കൃഷി വകുപ്പ്, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മറ്റ് വകുപ്പുകളും കേന്ദ്ര ഫണ്ടുകൾ സ്വീകരിക്കുന്നുണ്ട്. അതുപോലെ പൊതുവിദ്യാഭ്യാസ മേഖലയും കേന്ദ്ര വിഹിതം സ്വീകരിക്കുന്നതായി കണ്ടാൽ മതി.

ഭരണകക്ഷിയിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐ. പദ്ധതിയിൽ ചേരുന്നതിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിലുള്ള മുന്നണിയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും, ഫണ്ട് നേടിയെടുക്കുക എന്നത് ഒരു ജനകീയ സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്‌കൂളുകൾക്ക് മുന്നിൽ ‘പി.എം. ശ്രീ സ്കൂൾ’ എന്ന പേരും പ്രധാനമന്ത്രിയുടെ ചിത്രവും അടങ്ങിയ ബോർഡ് വെക്കേണ്ടിവരും എന്ന ആരോപണം തെറ്റാണ് എന്നും മന്ത്രി വ്യക്തമാക്കി.

ഫണ്ട് തടഞ്ഞുവെച്ച് കേന്ദ്രം സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചെങ്കിലും അതിന് വഴങ്ങാതെ, സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച്, തന്ത്രപരമായാണ് ഈ തീരുമാനമെടുത്തതെന്ന് വി. ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.


Share Email
LATEST
More Articles
Top