വസുധൈവ കുടുംബകമെന്ന നിലയില്‍ പരസ്പരം കരുതുകയും പങ്കിടുകയും ചെയ്യുന്ന സമൂഹമായിരിക്കണം: പരിശുദ്ധ കതോലിക്കാ ബാവാ

വസുധൈവ കുടുംബകമെന്ന നിലയില്‍ പരസ്പരം കരുതുകയും പങ്കിടുകയും ചെയ്യുന്ന സമൂഹമായിരിക്കണം: പരിശുദ്ധ കതോലിക്കാ ബാവാ

കുവൈറ്റ്: ദൈവികമായ ജ്ഞാനം മുഖാന്തിരം മനുഷ്യന്‍ നേടിയെടുത്ത കണ്ടുപിടുത്തങ്ങളിലൂടെ ലോകം ഇന്ന് ഒരു സാര്‍വ്വലൗകിക കുടുംബമായി മാറിയിരിക്കുകയാണെന്നും, ഉപനിഷത്തുകളില്‍ പ്രതിപാദിക്കുന്ന ”വസുധൈവ കുടുംബകം” എന്ന തത്വചിന്തയിലൂടെയാണ് മനുഷ്യന്‍ പരസ്പരം കരുതാനും പങ്കുവെയ്ക്കാനും അഭ്യസിക്കേണ്ടതെന്നും മലങ്കര സഭയുടെ പരമാദ്ധ്യക്ഷനുമായ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.

ലോകത്തിന്റെ പ്രയാസങ്ങളെ മനസിലാക്കി സഹവര്‍ത്തിത്വത്തിലൂടെ ദൈവിക ഉത്തരവാദിത്വം നിറവേറ്റേണ്ടതുണ്ടെന്നും, നമ്മുടെ കൂടിവരവുകളെല്ലാം അതിന് ഉതകുന്ന രീതിയില്‍ രൂപാന്തരപ്പെടുത്തുവാന്‍ നമുക്ക് ഇടയാകണമെന്നും കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

കുവൈറ്റ് മഹാ ഇടവക വികാരി ഫാ. ഡോ. ബിജു ജോര്‍ജ്ജ് പാറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ സഹവികാരി . ഫാ. മാത്യൂ തോമസ് സ്വാഗതവും, ആദ്യഫലപ്പെരുന്നാള്‍-2025 ജനറല്‍ കണ്‍വീനര്‍ മാത്യൂ വി. തോമസ് നന്ദിയും പ്രകാശിപ്പിച്ചു. കുവൈറ്റിലെ ഇന്ത്യന്‍ എംബസ്സിയിലെ ഹെഡ് ഓഫ് ചാന്‍സരി ജെയിംസ് ജേക്കബ്, ആഗോളതലത്തിലുള്ള ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് കൂട്ടായ്മയില്‍ ഉള്‍പ്പെടുന്ന എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ വികാരി ഫാ. കോമോസ് അബാ തദെവൂസ് വുബ്ലിന്‍, നാഷണല്‍ ഇവഞ്ചലിക്കല്‍ ചര്‍ച്ച് സെക്രട്ടറി റോയ് യോഹന്നാന്‍, ഓ.എസ്.എസ്.എ.ഈ. ഡിജിറ്റലൈസേഷന്‍ ഡയറക്ടര്‍ കുര്യന്‍ വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

കുവൈറ്റിലെ മറ്റ് ഓര്‍ത്തഡോക്‌സ് ഇടവക വികാരിമാരായ ഫാ. അജു തോമസ്, ഫാ. ജെഫിന്‍ വര്‍ഗീസ്, ഇടവക ട്രസ്റ്റീ ദീപക് അലക്‌സ് പണിക്കര്‍, സെക്രട്ടറി ജേക്കബ് റോയ്, സഭാ മാനേജിംഗ് കമ്മിറ്റിയംങ്ങളായ തോമസ് കുരുവിള, മാത്യൂ കെ. ഇലഞ്ഞിക്കല്‍, പോള്‍ വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക സുവനീര്‍ കണ്‍വീനര്‍ ജീന്‍ രാജാ വര്‍ഗ്ഗീസില്‍ നിന്നും ഏറ്റുവാങ്ങി ജെയിംസ് ജേക്കബിനു നല്‍കികൊണ്ട് പരിശുദ്ധ കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു.

മഹാഇടവകയിലെ സണ്‍ഡേ സ്‌കൂള്‍ കുട്ടികളും, പ്രാര്‍ത്ഥനായോഗങ്ങളും, ആത്മീയ പ്രസ്ഥാനങ്ങളും അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, പ്രശസ്ത സിനിമാ സംവിധായകനും, നടനും, പിന്നണിഗായകനുമായ വിനീത് ശ്രീനിവാസനും സംഘവും അവതരിപ്പിച്ച സംഗീത സായാഹ്നവും, ഊട്ടുപുരയും, തട്ടുകടയും, ചായക്കടയും തയ്യാറാക്കിയ നാടന്‍ രുചിഭേദങ്ങള്‍ എന്നിവ ആദ്യഫലപ്പെരുന്നാള്‍ 2025-നു മിഴിവേകി.

Vasudhaiva should be a society that cares for and shares with each other as a family: His Holiness the Catholicos

Share Email
LATEST
More Articles
Top