മരിയ കൊറിന മച്ചാഡോയ്ക്ക് സമാധാന നൊബേൽ; വെനസ്വേലയിൽ ജനാധിപത്യ അവകാശങ്ങൾക്കായി പോരാടിയതിന് പുരസ്‌കാരം

മരിയ കൊറിന മച്ചാഡോയ്ക്ക് സമാധാന നൊബേൽ; വെനസ്വേലയിൽ ജനാധിപത്യ അവകാശങ്ങൾക്കായി പോരാടിയതിന് പുരസ്‌കാരം

വെനസ്വേലയിൽ ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ, സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ നിലകൊണ്ട മരിയ കൊറിന മച്ചാഡോയ്ക്ക് (Maria Corina Machado) 2025-ലെ സമാധാന നൊബേൽ സമ്മാനം.

വെനസ്വേലയിലെ സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെ രാജ്യത്തെ ഭിന്നിച്ചുനിന്ന പ്രതിപക്ഷത്തെ ഒന്നിപ്പിച്ചതിൽ മച്ചാഡോ വഹിച്ച പങ്ക് നിർണായകമാണെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി ചെയർമാൻ യോർഗൻ വാട്‌നെ ഫ്രൈഡ്‌നസ് (Jorgen Watne Frydnes) പറഞ്ഞു.

വെനസ്വേലയിലെ ജനങ്ങൾക്ക് വേണ്ടി ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും, ഏകാധിപത്യത്തിനെതിരെ പോരാടുന്നതിലും മച്ചാഡോ നടത്തിയ പ്രവർത്തനങ്ങളെ മാനിച്ചാണ് നൊബേൽ പുരസ്‌കാരം.

ലാറ്റിൻ അമേരിക്കയിലെ പൗരധൈര്യത്തിൻ്റെ ശക്തമായ പ്രതീകമായി മച്ചാഡോ ഉയർന്നു വന്നു. ദശാബ്ദങ്ങളായി വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയുടെ അടിച്ചമർത്തൽ ഭരണകൂടത്തെ അവർ എതിർത്തു. ഭീഷണികളും അറസ്റ്റുകളും രാഷ്ട്രീയ പീഡനങ്ങളും അവർ നേരിട്ടു.

കഴിഞ്ഞ ഒരു വർഷമായി സ്വന്തം ജീവന് ഗുരുതരമായ ഭീഷണിയുണ്ടായിട്ടും മച്ചാഡോ രാജ്യത്ത് തന്നെ കഴിയുകയായിരുന്നു. ഇത് ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായി.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് മഡുറോയ്‌ക്കെതിരെ മത്സരിക്കാനിരിക്കെ സർക്കാർ മച്ചാഡോയെ അയോഗ്യയാക്കിയിരുന്നു. ഇതിനെ തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുകയും ചെയ്തിരുന്നു.

Share Email
LATEST
More Articles
Top