ന്യൂഡൽഹി: മുതിർന്ന ബോളിവുഡ് നടൻ ഗോവർദ്ധൻ അസ്രാണി അന്തരിച്ചു. 84 വയസായിരുന്നു. രാജസ്ഥാനിലെ ജയ്പൂരിലായിരുന്നു താമസം. രാവിലെ അസ്രാണി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ദീപാവലി ആശംസകൾ നേർന്നിരുന്നു.
‘ഷോലെ’യിലെയും ‘ചുപ്കെ ചുപ്കെ’യിലെയും ഉൾപ്പെടെ ഹാസ്യവേഷങ്ങളിലൂടെ ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച ദീർഘകാലമായി ചികിത്സയിലായിരുന്നു. സംസ്കാരം മുംബൈയിലെ സാന്താക്രൂസ് ശ്മശാനത്തിൽ നടത്തി.
മലയാളത്തിലെ പ്രശസ്ത ചിത്രങ്ങൾ പ്രിയദർശൻ ഹിന്ദിയിൽ റീമേക്ക് ചെയ്തപ്പോഴുള്ള വേഷങ്ങളിലൂടെ മലയാളികൾ അസ്രാനിയെ കൂടുതൽ അടുത്തറിഞ്ഞു. ഹേര ഫേരി (റാംജിറാവു സ്പീക്കിങ്), ഭാഗം ഭാഗ് (മാന്നാർ മത്തായി സ്പീക്കിങ്), ഹൽചൽ (ഗോഡ് ഫാദർ), ഗരം മസാല (ബോയിങ് ബോയിങ്), ഭൂൽ ഭുലയ്യ (മണിച്ചിത്രത്താഴ്), ഖട്ട മീട്ട (വെള്ളാനകളുടെ നാട്) തുടങ്ങിയ പ്രിയദർശന്റെ മിക്ക ചിത്രങ്ങളിലും അസ്രാനി നിറഞ്ഞുനിന്നു. അക്ഷയ് കുമാർ നായകനാകുന്ന പുതിയ പ്രിയദർശൻ ചിത്രം ഹായ്‌വാനിലും അഭിനയിച്ചിരുന്നു. ഹാസ്യനിമിഷങ്ങളിലെ അപാരമായ ടൈമിങ്ങായിരുന്നു അസ്രാനിയുടെ വലിയ സവിശേഷതയെന്ന് പ്രിയദർശൻ അനുസ്മരിച്ചു.
ജയ്പുരിൽ ജനിച്ച ഗോവർധൻ അസ്രാനി ‘മേരേ അപ്നെ’യിലൂടെയാണ് അരങ്ങേറിയത്. 1975-ലെ ക്ലാസിക് ചിത്രമായ ഷോലെയിലെ ഹിറ്റ്ലറിനെ ഓർമിപ്പിക്കുന്ന വിചിത്രനായ ജയിലറുടെ കഥാപാത്രത്തിലൂടെയാണ് അസ്രാനി ഹിറ്റ് പട്ടികയിൽ കയറിയത്. 1970-80 കളിൽ ഋഷികേശ് മുഖർജി, ബസു ചാറ്റർജി, ബി.ആർ. ചോപ്ര, കെ.ആർ. റാവു തുടങ്ങിയ സംവിധായകരുടെ പ്രിയതാരമായിരുന്ന അസ്രാനി, പിന്നീട് ഡേവിഡ് ധവാൻ, പ്രിയദർശൻ തുടങ്ങിയ പുതിയ തലമുറ സംവിധായകരുടെ കോമഡി ചിത്രങ്ങളിലും ശ്രദ്ധേയനായി.
50 വർഷത്തിനിടെ 350 സിനിമകളിൽ അഭിനയിച്ചു. 1970 കളിൽ 101 ചിത്രങ്ങളിലും 1980കളിൽ 107 ചിത്രങ്ങളിലും അഭിനയിച്ച്, ഒരു ദശാബ്ദത്തിനുള്ളിൽ ഏറ്റവും കൂടുതൽ ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ച നടനെന്ന അപൂർവ റെക്കോർഡും സ്വന്തമാക്കി.
1985-ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത നട്ഖത് നാരദ് എന്ന സീരിയലിൽ നാരദന്റെ വേഷം ചെയ്തതിലൂടെ അദ്ദേഹം ടിവി പ്രേക്ഷകരുടെ ഹൃദയങ്ങളും കീഴടക്കി. മികച്ച ഹാസ്യതാരത്തിനുള്ള ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ നേടി. 1990–97 കാലയളവിൽ ഹിന്ദി, ഗുജറാത്തി ഭാഷകളിലായി 6 ചിത്രങ്ങൾ സംവിധാനം ചെയ്തു.
Veteran Bollywood actor Asrani passes away