ബംഗളൂരു: പ്രശസ്ത മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായ ടി ജെ എസ് ജോർജ് (97) അന്തരിച്ചു. ബംഗളൂരുവിലെ വസതിയിൽ വിശ്രമത്തിലായിരുന്ന അദ്ദേഹം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മണിപ്പാൽ ആശുപത്രിയിൽ വെള്ളിയാഴ്ച മുതൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 2011ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച അദ്ദേഹത്തിന്റെ വിയോഗത്തിൽ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
പത്തനംതിട്ട തുമ്പമൺ സ്വദേശിയായ ടി ജെ എസ് ജോർജ് 1928 മെയ് ഏഴിന് ടി ടി ജേക്കബിന്റെയും ചാചിയാമ്മ ജേക്കബിന്റെയും മകനായി ജനിച്ചു. പത്രാധിപർ, കോളമിസ്റ്റ്, ജീവചരിത്രകാരൻ എന്നീ നിലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങൾ രചിച്ച അദ്ദേഹം 2019ൽ കേരള സർക്കാരിന്റെ സ്വദേശാഭിമാനി–കേസരി പുരസ്കാരം നേടി. ‘ഘോഷയാത്ര’ എന്ന ആത്മകഥയും അദ്ദേഹത്തിന്റെ ശ്രദ്ധേയ രചനകളിൽ ഒന്നാണ്.
അരനൂറ്റാണ്ടിലധികം ഇന്ത്യയിലും വിദേശത്തുമായി മാധ്യമപ്രവർത്തനം നടത്തിയ ജോർജ്, ഇന്റർനാഷണൽ പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ട്, ദി സെർച്ച്‌ലൈറ്റ്, ഫാർ ഈസ്റ്റേൺ എക്കണോമിക് റിവ്യൂ എന്നിവയിൽ പ്രവർത്തിച്ചു. ഹോങ്കോങിൽ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരായ അദ്ദേഹം ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിന്റെ ചെയർമാനായും സേവനമനുഷ്ഠിച്ചു.













