ന്യൂയോർക്ക്: അമേരിക്കൻ മലയാളി സംഘടനാ രംഗത്ത് വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള വിജി ഏബ്രഹാം ഫോമായുടെ 2026-28 വർഷത്തേക്കുള്ള അഡ്വൈസറി ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നു. കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡിന്റെ മുൻ പ്രസിഡന്റും, രണ്ട് തവണ സംഘടനയുടെ ട്രഷററുമായിരുന്ന വിജി ഏബ്രഹാം ഫോമാ അഡ്വൈസറി ബോർഡ് ചെയർമാനായി ജനവിധി തേടുന്നത്, തന്റെ സ്തുത്യർഹമായ പൊതുപ്രവർത്തന മികവിനുള്ള സമൂഹത്തിന്റെ അംഗീകാരമായാണ് കാണുന്നത്.
ഫോമാ ഗ്ലോബൽ കൺവെൻഷന്റെ മെട്രോ റീജിയൻ കോഓർഡിനേറ്ററായി മൂന്ന് വർഷം മുമ്പ് പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം, ഫോമാ മിയാമി കൺവെൻഷനിലും ചിക്കാഗോ കൺവെൻഷനിലും നിറസാന്നിധ്യമായിരുന്നു. ഫോമാ ഹെൽപ്പിങ് ഹാൻഡ്‌സ് പദ്ധതിയുടെ മെട്രോ റീജിയൻ കോഓർഡിനേറ്ററായും തിളങ്ങിയിട്ടുള്ള വിജി ഏബ്രഹാം നിരവധി ജീവകാരുണ്യ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടുണ്ട്. ഫോമായുടെ നാഷണൽ കമ്മിറ്റി മെമ്പർ ആയിരുന്ന വിജി ഏബ്രഹാം നിലവിൽ ക്രഡൻഷ്യൽ കമ്മിറ്റി ചെയർമാൻ സ്ഥാനം വഹിക്കുന്നു.
ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ കണിശതയോടെ നടപ്പാക്കുന്ന വിജി ഏബ്രഹാമിന്റെ മുഖമുദ്ര, അർപ്പണബോധവും സംഘടനയുടെ ലക്ഷ്യപ്രാപ്തിക്കായുള്ള നിസ്വാർത്ഥമായ സേവനവുമാണ്. അഡ്വൈസറി ബോർഡ് ചെയർമാൻ എന്ന നിലയിലുള്ള വിജി ഏബ്രഹാമിന്റെ സേവനം ഫോമായ്ക്ക് മുതൽക്കൂട്ടാവും.
പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബിജു തോണിക്കടവിൽ, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ജനവിധി തേടുന്ന പോൾ പി ജോസ്, ട്രഷറർ സ്ഥാനത്തേക്ക് മാറ്റുരയ്ക്കുന്ന പ്രദീപ് നായർ, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായ സാമുവൽ മത്തായി, ജോയിന്റ് സെക്രട്ടറി സ്ഥാനാർത്ഥിയായ ഡോ. മഞ്ജു പിള്ള, ജോയിന്റ് ട്രഷറർ കാൻഡിഡേറ്റായ ജോൺസൺ കണ്ണൂക്കാടൻ എന്നിവർ വിജി ഏബ്രഹാമിന് തങ്ങളുടെ പൂർണ്ണ പിന്തുണ അറിയിക്കുകയും വിജയാശംസകൾ നേരുകയും ചെയ്തു.
Viji Abraham is running for the position of Chairman of the Fomaa Advisory Board (2026-28).













