ലാന സമ്മേളനത്തിൽ എത്തുന്ന മുഖ്യ അതിഥി അമേരിക്കൻ മലയാളിക്ക് എന്ത് സന്ദേശമാണ് നല്കാൻ പോകുന്നത്?

ലാന സമ്മേളനത്തിൽ എത്തുന്ന മുഖ്യ അതിഥി അമേരിക്കൻ മലയാളിക്ക് എന്ത് സന്ദേശമാണ് നല്കാൻ പോകുന്നത്?

സുരേന്ദ്രൻ നായർ 

അമേരിക്കൻ വൻകരയിലേക്ക് മലയാളികൾ കുടിയേറ്റം തുടങ്ങി അധിക കാലം കഴിയുന്നതിനുമുമ്പുതന്നെ മലയാളി അസോസിയേഷനുകളും ഭാഷയെയും സാഹിത്യത്തെയും സ്‌നേഹിക്കുന്ന പല കൂട്ടായ്മകളും രൂപം കൊണ്ടു തുടങ്ങിയിരുന്നു. സംഘടനകളും സംവാദങ്ങളും മലയാളി ഡി.എൻ.എ.യുടെ വേർപിരിക്കാൻ കഴിയാത്ത ചേരുവകളാണെന്നത് അതിനൊരു കാരണവുമാകാം.

ഭാഷയും സാഹിത്യവും പരിപോഷിപ്പിക്കുന്ന രണ്ടു ഡസനിലധികം പ്രാദേശിക സംഘടനകളും അതിനു മുകളിൽ ലാന എന്നൊരു ദേശീയ സംഘടനയും ഇവിടെയുണ്ട്. അവരുടെയൊക്കെ പരിശ്രമഫലമായി മലയാളത്തിലെ പ്രഗത്ഭരായ അനേകം എഴുത്തുകാരെയും ഭാഷാ പണ്ഡിതന്മാരെയും നേരിട്ടെത്തിച്ച് അവരെ കേൾക്കുവാൻ അനേകം വേദികൾ അവർ ഒരുക്കിയിട്ടുമുണ്ട്. ഡോ: സുകുമാർ അഴീക്കോട്, എം.പി. വീരേന്ദ്ര കുമാർ, ഡോ: അയ്യപ്പ പണിക്കർ, ഒ.എൻ.വി. കുറുപ്പ്, ഡോ: ജോർജ് ഓണക്കൂർ, പ്രൊഫ: മധുസൂദനൻ നായർ, പെരുമ്പടവം ശ്രീധരൻ, സക്കറിയ, രാമനുണ്ണി, സി. രാധാകൃഷ്ണൻ, ബെന്യാമിൻ, എം.എൻ. കാരശ്ശേരി തുടങ്ങി ആ പട്ടിക നീളുന്നു.

ഓരോ അതിഥികളും എത്തിയപ്പോൾ അവർക്കു ആതിഥേയത്വം നൽകിയ അമേരിക്കൻ സംഘടന നേതാക്കളാണ് അവരെക്കാൾ കൂടുതൽ ആദരവ് പിടിച്ചുപറ്റിയത്. അങ്ങനെ ആർജ്ജിച്ചെടുത്ത ആദരവും അറിവുമാണ് അവരിൽ പലരെയും കേരളത്തിലെ എഴുത്തുകാരോട് കിടപിടിക്കത്തക്ക രചനകൾ നിർമ്മിക്കാൻ പ്രാപ്തരാക്കിയത്. നിർഭാഗ്യവശാൽ അത്തരം നിലവാരമുള്ള എഴുത്തുകാരുടെ നേതൃനിരയിലെ അസാന്നിധ്യമാണ് ഇന്ന് അമേരിക്കൻ സാഹിത്യ സംഘടനകൾ നേരിടുന്ന അപചയം.

അടുത്ത് നടക്കാൻപോകുന്ന ഒരു ദേശീയ സാഹിത്യ മാമാങ്കത്തിൽ മുഖ്യ അതിഥിയായി ആനയിക്കുന്ന ആളിന്റെ പേരുകണ്ടപ്പോൾ സംഘടനയുടെ അപചയവും നേതാക്കളുടെ സങ്കുചിത രാഷ്ട്രീയ വീക്ഷണവും മറനീക്കി പുറത്തുവന്നിരിക്കുകയാണ്. കക്ഷിരാഷ്ട്രീയത്തിന്റെ തിമിരത്താൽ കൈവച്ചതിടത്തൊക്കെ കൈപൊള്ളി, ഭരണത്തിന്റെ ആശ്വാസ ലേപനവും വ്യാജ സാമൂഹ്യ മാധ്യമങ്ങളുടെ ബിംബവൽക്കരണവും കൊണ്ട് കാലം കഴിക്കുന്ന ഇദ്ദേഹം അമേരിക്കൻ മലയാളിക്ക് എന്ത് സന്ദേശമാണ് നല്കാൻ പോകുന്നത്?

അറുപതുകളിലും എഴുപതുകളിലും കേരളത്തിലെ ഉത്സവ പറമ്പുകളിൽ നാടക സംഘങ്ങളും കഥികൻമാരും പു.ക.സ.യുമൊക്കെ സൃഷ്ടിച്ച കാല്പനിക രാഷ്ട്രീയ പരിപ്രേക്ഷ്യം അമേരിക്കയിൽ ആവർത്തിക്കാമെന്ന മൗഢ്യമായിരിക്കില്ല ഈ അതിഥിയുടെ തെരഞ്ഞെടുപ്പിന്റെ ലക്ഷ്യം. സാഹിത്യ തത്പരരുടെ ചിലവിൽ അദ്ദേഹത്തിന് ഒരു അമേരിക്കൻ യാത്രയും ഏതെങ്കിലും ഉപകാര സ്മരണയുമായിരിക്കാം.

കൺവൻഷനിൽ ഒരാളെ മുഖ്യ അതിഥിയാക്കുമ്പോൾ അയാളുടെ ക്രെഡിബിലിറ്റി അഥവാ വിശ്വാസ്യതയെങ്കിലും ഉറപ്പുവരുത്താൻ സഹഭാരവാഹികളും ശ്രദ്ധിക്കണമായിരുന്നു. 2005 ഒക്ടോബർ 12 ന് ഇന്ത്യ രാജ്യത്തു നിലവിൽവന്ന വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകളാണ് അതിഥിയുടെ വിശ്വാസ്യത തകർക്കാൻ കാരണമായത്. ലോകം അംഗീകരിക്കുന്ന ഭാരതീയ പാരമ്പര്യത്തെയും ദർശനങ്ങളെയും അനുദിനം അടിസ്ഥാനമില്ലാതെ ദുർവ്യാഖ്യാനം ചെയ്ത് ആർക്കോ വേണ്ടി വിടുപണി ചെയ്യുന്ന ഈ വിരുതൻ 1997ൽ കേരളത്തിലെ ഒരു സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം തരപ്പെടുത്തിയതിന്റെ അണിയറ നാടകങ്ങൾ ഇന്ന് പരസ്യമാണ്.

ഡോക്ടറേറ്റും എം.ഫില്ലും പ്രവർത്തിപരിചയവും ഉള്ളവരുൾപ്പെടെ 211 ഉദ്യോഗാർത്ഥികൾ ഉണ്ടായിരുന്നതിൽ അധികയോഗ്യതയുള്ള മുഴുവൻ പേരെയും വെട്ടിനിരത്തി രാഷ്ട്രീയ യജമാനന്മാർ നൽകിയ ലിസ്റ്റിൽ നിന്നും 18 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്ത് അവർക്കായി ഒരു അഭിമുഖമെന്ന പ്രഹസനം നടത്തുകയാണുണ്ടായത്. ജൂനിയർ റീസേർച്ച് ഫെല്ലോഷിപ്പ് യോഗ്യത മാത്രമുണ്ടായിരുന്ന അദ്ദേഹം പിൻവാതിൽ പ്രവേശനം ഉറപ്പാക്കിയ വാർത്തയുടെ വിശദാംശങ്ങൾ പുറത്തുവന്നത് വൈകിയായതുകൊണ്ടു മാത്രമാണ് അയാൾ ഇന്നും അനേകം വിദ്യാർത്ഥികളെ അപഥസഞ്ചാരത്തിലേക്കു നയിക്കുന്ന പണി തുടർന്നുകൊണ്ടിരിക്കുന്നത്.

വൈസ് ചാൻസലറും സബ്ജക്ട് എക്‌സ്‌പെർട്ടും ഉൾപ്പെടെയുള്ള ഏറാന്മൂളികൾ നടത്തിയ ഇന്റർവ്യൂവിൽ 150ൽ 132 മാർക്ക് ദാനം നൽകി നമ്മുടെ അതിഥിയെ അകത്താക്കിയപ്പോൾ ഡോ: പി. കെ. രാജശേഖരനെ പോലുള്ള മലയാളം ആദരിക്കുന്ന പ്രതിഭാധനരായ അധ്യാപകരെയാണ് പുറത്താക്കി വിദ്യാർത്ഥികളോട് ഇന്റർവ്യൂ ബോർഡ് ക്രൂരത കാട്ടിയത്. രാജശേഖരനാകട്ടെ വെറും 36/150 കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു.

അങ്ങനെ അകത്തായി ഭാവിതലമുറയെ വാർത്തെടുക്കാനായി രാപ്പകൽ ഭേദമില്ലാതെ നാടെങ്ങും നാവാട്ടി നടക്കുന്ന ഈ യോഗ്യന്റെ ഡോക്ടറേറ്റ് പ്രബന്ധത്തെ അധികാരികൾ ആദ്യം നിരസിച്ചതും രാഷ്ട്രീയ സമ്മർദ്ദം കാരണം പിന്നെയതിന് തുല്യം ചാർത്തി രേഖ കൊടുത്തതും അഡ്വക്കേറ്റ് ജയശങ്കർ പരസ്യമായി വിളിച്ചു പറഞ്ഞു വീഡിയോ ചെയ്തിരുന്നില്ലേ. ഹമാസിനും ഹൂത്തികൾക്കുമായി ഏഴുനാവിൽ സംസാരിക്കുന്ന ഇദ്ദേഹം അക്കാര്യത്തിൽ വൈലോപ്പിള്ളിയുടെ ‘വാഴക്കുല’ വിഷയത്തിന് സമാനമായ മൗനമാണ് ഇന്നും തുടരുന്നത്.

അതിഥിയെ ആക്ഷേപിക്കാനല്ല ആതിഥേയരെ ഓർമ്മിപ്പിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. അക്കാദമി അവാർഡുകൾ ഊഴം നോക്കി പങ്കിട്ടെടുക്കുന്ന കേരളത്തിലെ അനാശാസ്യം അമേരിക്കയിൽ എന്തിനു ആദരിക്കപ്പെടണം? ഭാരതത്തിന്റെ ഇതിഹാസ കർത്താവായ സാക്ഷാൽ വേദവ്യാസനെ വ്യാകരണം പഠിപ്പിക്കാനിറങ്ങിയ ഇദ്ദേഹത്തിന്റെ മഹാഭാരതം സംബന്ധിച്ച പുസ്തകം അടിമുടി ആശയ ചോരണമായിരുന്നെന്നു വ്യാപകമായ വിമർശനം ഉയർന്നപ്പോൾ ഒട്ടകപക്ഷിയെപ്പോലെ അല്ലെങ്കിൽ ദീപ ടീച്ചറെപ്പോലെ തല മണലിൽ പൂഴ്ത്തി നിർവൃതിയടഞ്ഞതു നമ്മൾ കണ്ടതല്ലേ? അദ്വൈതം ബ്രാഹ്മണിക്കൽ ഹെജിമണിയെന്നും രാമായണം ചതുർവണ്യ പ്രഘോഷണമെന്നും ഭാഷ്യം ചമക്കുന്ന ഇദ്ദേഹത്തിന്റെ രചനകളിൽ ഒരിടത്തും പങ്കുവെക്കുന്ന വിവരങ്ങളുടെ അവലംബം ഉദ്ധരിക്കാറില്ല.

ഇതിഹാസഗ്രന്ഥങ്ങൾ ഒന്നും വിമർശനത്തിന് അതീതമല്ല. തുടർ ചിന്തകൾക്കും പ്രക്ഷുഭങ്ങൾക്കും അനന്തമായ സാധ്യതകൾ അവകൾ തുറന്നിടുന്നുണ്ട്. വ്യാസനെ മനസാ സ്തുതിച്ചുകൊണ്ട് കുട്ടികൃഷ്ണ മാരാർ ‘ഭാരത പര്യടനം’ രചിച്ചതും കർണ്ണനെ പ്രകീർത്തിച്ചു പി. കെ. ബാലകൃഷ്ണനും ഭീമനെ നായകനാക്കി എം.ടി. വാസുദേവൻ നായരും നോവലുകൾ എഴുതിയതും സീതാ ദേവിയുടെ മനോമുകുരത്തിൽ വിരിഞ്ഞ കാമനകൾക്കും നൊമ്പരങ്ങൾക്കും കുമാരനാശാൻ കാവ്യ ഭംഗി പകർന്നതും സാഹിത്യലോകം ഹൃദയത്തിൽ ഏറ്റുവാങ്ങി ഇന്നും സൂക്ഷിക്കുന്നു. അവരാരും മൂലകൃതികളുടെ പുനഃസൃഷ്ടി നടത്താനോ കർത്താക്കളുടെ ഭാവനയെ ദുർവ്യാഖ്യാനം ചെയ്യാനോ മുതിർന്നിരുന്നില്ല.

അമേരിക്കയിലെ സാഹിത്യ ആസ്വാദകർക്ക് അനുകരിക്കാൻ ഒന്നുമില്ലാത്ത ഒരാളിനെ അതിഥിയാക്കാനും അയാൾ പേറുന്ന കാലഹരണപ്പെട്ട കക്ഷിരാഷ്ട്രീയ വിഴുപ്പ് ഇവിടെ വിറ്റഴിക്കാനും ലക്ഷ്യമിട്ടുണ്ടായ തീരുമാനം ഏതു മനസ്സിൽ നിന്നുണ്ടായതായാലും ഒഴിവാക്കേണ്ടത് തന്നെയായിരുന്നു. ഇതെഴുതുന്നയാൾ 2012ൽ ഡോ: ജോർജ് ഓണക്കൂറിന്റെ നിറസാന്നിധ്യത്തിൽ ലാനയുടെ മൂന്നു ദിവസം നീണ്ട ദേശീയ കൺവെൻഷന് നേതൃത്വം നൽകിയ ആളുകളിൽ ഒരാളും കൂടിയായിരുന്നുവെന്ന വസ്തുതയും ഇതോടൊപ്പം വിനയപൂർവ്വം പങ്കുവെക്കുകയാണ്.

What message will the chief guest at the Lana conference give to American Malayalees?

Share Email
Top