ലണ്ടൻ: അഞ്ഞൂറ് വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതയെ കാന്റർബറി ആർച്ച്ബിഷപ്പായി നിയമിച്ച് ചർച്ച് ഓഫ് ഇംഗ്ലണ്ട് പുതിയ അധ്യായം രചിച്ചു. 63-കാരിയായ സാറാ മുലാലി, ബാലപീഡന ആരോപണങ്ങൾക്കിടയാക്കിയ ജസ്റ്റിൻ വിൽബിയുടെ രാജിക്കു പകരക്കാരിയായാണ് ഈ പദവിയിലെത്തുന്നത്. ആംഗ്ലിക്കൻ സഭയുടെ പരമോന്നത നേതൃസ്ഥാനമായ കാന്റർബറി ആർച്ച്ബിഷപ്പ്, 165 രാജ്യങ്ങളിലെ 8.5 കോടി വിശ്വാസികളുടെ ആത്മീയാചാര്യനാണ്. ബ്രിട്ടനിൽ രാജാവിനു പിന്നാലെ ഏറ്റവും ഉയർന്ന സ്ഥാനമായി കണക്കാക്കപ്പെടുന്ന ഈ പദവി, 106-ാമത്തെ ആർച്ച്ബിഷപ്പായി മുലാലിയെ തിരഞ്ഞെടുത്തതോടെ ലിംഗസമത്വത്തിന്റെ പുതിയ മുഖമായി മാറി.
സാറാ എലിസബത്ത് മുലാലി 1962 മാർച്ച് 26-ന് സറേയിലെ വോക്കിങ്ങിൽ ജനിച്ചു. നഴ്സിങ് ഓഫിസറായി തൊഴിൽജീവിതം ആരംഭിച്ച അവർ, 1999 മുതൽ 2004 വരെ ഇംഗ്ലണ്ടിന്റെ ചീഫ് നഴ്സിങ് ഓഫിസറായി സേവനമനുഷ്ഠിച്ചു – ഈ പദവിയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. മികച്ച പ്രവർത്തനത്തിന് 2005-ൽ ബ്രിട്ടിഷ് സർക്കാർ ഡെയിം പദവി നൽകി ആദരിച്ചു. 2015-ൽ ക്രെഡിറ്റൻ ബിഷപ്പും 2018-ൽ ലണ്ടൻ ബിഷപ്പുമായി ഉയർന്ന അവർ, ഈമൺ മുലാലി എന്ന ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം ജീവിക്കുന്നു.
1534-ൽ കത്തോലിക്കാ സഭയിൽനിന്നു വേർപെട്ട ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവനായ കാന്റർബറി ആർച്ച്ബിഷപ്പ്, ആഗോള ആംഗ്ലിക്കൻ സഭയുടെ മാതൃസഭയുടെ പ്രൈമേറ്റാണ്. ബ്രിട്ടിഷ് പ്രധാനമന്ത്രി നയിക്കുന്ന സമിതിയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഹൗസ് ഓഫ് ലോഡ്സിലെ അംഗത്വം, ക്രിസ്ത്യൻ-യഹൂദ കൗൺസിലിന്റെ പ്രസിഡന്റ്, കാന്റർബറി ക്രൈസ്റ്റ് ചർച്ച് യൂണിവേഴ്സിറ്റിയുടെ ചാൻസലർ തുടങ്ങിയ പദവികളും ഇതോടൊപ്പം വരുന്നു. ദേശീയ ചടങ്ങുകളിലെ നേതൃത്വവും ഇംഗ്ലണ്ടിന്റെ ആത്മീയ ആചാര്യസ്ഥാനവും ഈ പദവിയുടെ പ്രത്യേകതകളാണ്.
 













