തിരുവനന്തപുരം: ശബരിമലയില്‍ നടന്നത് മറ്റൊരു രൂപത്തിലുള്ള സ്വര്‍ണ്ണക്കടത്താണെന്നും ഇത്രയും വലിയൊരു കൊള്ള നടന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് ഇക്കാര്യം ചോദിച്ചത്.
യുവതീപ്രവേശന വിഷയത്തില്‍ ധൃതിപിടിച്ച് പ്രതികരിച്ച മുഖ്യമന്ത്രിയാണ് ഇപ്പോള്‍ നിശബ്ദനായിയിരിക്കുന്നത്. ഈ വിഷയത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കാനും നിജസ്ഥിതി വ്യക്തമാക്കാനും മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. അയ്യപ്പന്റെ സ്വത്ത് കട്ടവരെ കണ്ടെത്തി പുറത്താക്കിയിട്ട് വേണം ശബരിമല വികസനം ചര്‍ച്ച ചെയ്യേണ്ടത്. മുഖ്യമന്ത്രി വായ തുറന്നേ മതിയാകുവെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
2019-ല്‍ കൊണ്ടുപോയ സ്വര്‍ണ്ണത്തില്‍ നാല് കിലോ കുറവുണ്ടായിരുന്നു. ഇത് മോഷണം തന്നെയാണ്. അന്ന് സ്വര്‍ണ്ണം കൊണ്ടുപോയ ആരോപണ വിധേയനായ വ്യക്തിക്ക് തന്നെ വീണ്ടുമത് നല്‍കിയ ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. നിലവിലെ ദേവസ്വം വിജിലന്‍സ് അന്വേഷണം ഫലപ്രദമല്ല. ഹൈക്കോടതി നേരിട്ട് നിരീക്ഷിക്കുന്ന ഒരു ഏജന്‍സി ഈ വിഷയം അന്വേഷിക്കണം. സര്‍ക്കാരിന്റെ പോലീസ് സംവിധാനം തന്നെ ഇത് അന്വേഷിക്കുന്നത്, കള്ളനെ മോഷണം ഏല്‍പ്പിക്കുന്നത് പോലെയാണെന്നും വേണുഗോപാല്‍ പറഞ്ഞു.
Why is the Chief Minister silent on gold smuggling in Sabarimala, asks MP KC Venugopal