മദീന ബസ് അപകടം: കൊല്ലപ്പെട്ടത് 42 ഇന്ത്യക്കാർ, മരിച്ചവരിൽ ഹൈദരാബാദി കുടുംബത്തിലെ 18 പേരും

മദീന ബസ് അപകടം: കൊല്ലപ്പെട്ടത് 42 ഇന്ത്യക്കാർ, മരിച്ചവരിൽ ഹൈദരാബാദി കുടുംബത്തിലെ 18 പേരും

സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപമുണ്ടായ ബസ് അപകടത്തിൽ 42 ഇന്ത്യൻ തീർഥാടകർ മരിച്ച സംഭവത്തിൽ, ഒരൊറ്റ കുടുംബത്തിലെ 18 പേരും. ഹൈദരാബാദ് സ്വദേശികളായ കുടുംബത്തിലെ ഒമ്പത് കുട്ടികൾ ഉൾപ്പെടെ മൂന്ന് തലമുറയിലുള്ളവരാണ് ദുരന്തത്തിൽപ്പെട്ടത്. ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

മദീനയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ വെച്ച് തീർത്ഥാടകർ സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് തീ പിടിച്ചാണ് അപകടമുണ്ടായത്. രാത്രി വൈകി ഭൂരിഭാഗം യാത്രക്കാരും ഉറങ്ങുകയായിരുന്നതിനാൽ തീ പടർന്ന ഉടൻ ആർക്കും രക്ഷപ്പെടാനായില്ല. “നസീറുദ്ദീൻ (70), ഭാര്യ അഖ്തർ ബീഗം (62), മകൻ സലാഹുദ്ദീൻ (42), മക്കളായ അമിന (44), റിസ്വാന (38), ഷബാന (40) എന്നിവരും അവരുടെ കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ച പ്രധാനമന്ത്രി, പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നതായും പറഞ്ഞു. സഹായം നൽകുന്നതിനായി റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും സൗദി അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കൂടാതെ, ഇന്ത്യൻ കോൺസുലേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും സഹായ കേന്ദ്രവും (ടോൾ ഫ്രീ നമ്പർ – 8002440003) സ്ഥാപിച്ചിട്ടുണ്ട്.

Share Email
Top