ബെംഗളൂരു: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി കേരളത്തിൽ നിന്നുള്ള രണ്ട് നഴ്സിംഗ് വിദ്യാർത്ഥികൾ ബെംഗളൂരുവിൽ മരിച്ചു. പത്തനംതിട്ട ജില്ലക്കാരായ സ്റ്റെർലിൻ എലിസ ഷാജി (19), ജസ്റ്റിൻ ജോസഫ് (20) എന്നിവരാണ് മരിച്ചത്. ഇരുവരും ഒന്നാം വർഷ ബിഎസ്‌സി നഴ്സിംഗ് വിദ്യാർത്ഥികളായിരുന്നു.
ബെംഗളൂരുവിലെ ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് 2.35 ഓടെയാണ് സംഭവം നടന്നത്. ബെംഗളൂരു-ബെലഗാവി വന്ദേ ഭാരത് എക്സ്പ്രസ് ബെലഗാവിയിലേക്ക് പോവുകയായിരുന്നു.
സപ്തഗിരി കോളേജിലെ വിദ്യാർത്ഥികളായിരുന്ന ഇവർ സമീപത്തെ പേയിംഗ് ഗസ്റ്റ് താമസസ്ഥലത്താണ് കഴിഞ്ഞിരുന്നത്. റെയിൽവേ പാളം മുറിച്ചുകടന്ന് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവത്തിൽ വിദ്യാർത്ഥികൾ തൽക്ഷണം മരിച്ചു.
അപകടമാണോ ആത്മഹത്യാശ്രമമാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
മൃതദേഹങ്ങൾ എം.എസ്. രാമയ്യ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാർത്ഥികളുടെ ബന്ധുക്കൾ ബെംഗളൂരുവിൽ എത്തിച്ചേർന്നിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് (Unnatural Death Report – UDR) പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.











