ജറുസലം : തെക്കൻ ഗാസയിലെ റഫായിൽ തുരങ്കങ്ങളിൽ 200 ലധികം ഹമാസ് സേനാംഗങ്ങൾ ഒളിവിൽ കഴിയുന്നതായി റിപ്പോർട്ട് ഒളിവിൽ കഴിയുന്നവർ ആയുധം വച്ച് കീഴടങ്ങണമെന്ന ഇസ്രയേലിന്റെ നിർദ്ദേശം ഹമാസ് തള്ളി.
ആയുധം വച്ചു കീഴടങ്ങിയാൽ ഗാസയുടെ മറ്റുഭാഗങ്ങളിലേക്കു പോകാൻ അനുവദിക്കാമെന്നാണ് ഇസ്രയേൽ നിലപാട്. റഫായിലുള്ള ഹമാസുകാർ തങ്ങളുടെ സേനയ്ക്ക് ആയുധങ്ങൾ കൈമാറിയാൽ മതിയെന്ന ശുപാർശയുയായി ഈജിപ്ത് മുന്നോട്ടുവന്നിട്ടുണ്ട്
ഇതിനിടെ 200 ഹമാസ് സേനാംഗങ്ങളാണ് റഫായിലെ തുരങ്കങ്ങളിലുള്ളതെന്നും ഇവർ ഇസ്രയേലിനു കീഴടങ്ങുന്നത് വെടിനിർത്തൽ കരാർ വ്യവസ്‌ഥ നടപ്പാക്കാനുള്ള നിർണായക ഇടപെടലാകുമെന്ന് യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു.
അതിനിടെ, 2014 ൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇസ്രയേൽ സൈനികന്റെ മൃതദേഹം ഹമാസ് കൈമാറി. ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 69, 169 പലസ്തീൻകാർ കൊല്ലപ്പെട്ടതായി ഗാസ അധികൃതർ അറിയിച്ചു.
അതിനിടെ, വെസ്‌റ്റ് ബാങ്കിലെ ബെയ്ത്തയിൽ കൃഷിയിടങ്ങളിൽ സായുധരായ ഇസ്രയേൽ കുടിയേറ്റക്കാർ നടത്തിയ ആക്രമണങ്ങളിൽ 11 പലസ്തീൻകാർക്കു പരുക്കേറ്റു. ഒലിവ് വിളവെടുപ്പിനിടെയാണ് മുഖംമൂടി ധരിച്ച സംഘത്തിന്റെ ആക്രമണം.
200 Hamas fighters living in Rafah tunnels: Israel issues ultimatum to surrender












