ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം. തിങ്കളാഴ്ചയാണ് വടക്ക് പടിഞ്ഞാറൻ പാകിസ്ഥാനിലെ പെഷ്വാറിൽ പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്സിന് നേരെ ആക്രമണമുണ്ടായത്. പാരാമിലിട്ടറി ഹെഡ് ക്വാട്ടേഴ്സ് ഒരു തോക്കുധാരിയാണ് ആക്രമിച്ചത്. രണ്ട് ചാവേറുകൾ ഹെഡ്ക്വാട്ടേഴ്സ് കോംപ്ലെക്സിന് നേരെയും ആക്രമണം നടത്തി. മൂന്ന് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് ആക്രമണം നടത്തിയവരാണോ എന്നതിൽ വ്യക്തതയില്ല. ആദ്യ ചാവേർ ഹെഡ്ക്വാട്ടേഴ്സ് കവാടത്തിലും രണ്ടാമത്തെ സംഘം കോംപൗണ്ടിലും ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പൊലീസും സൈന്യവും മേഖലയിൽ എത്തിയിട്ടുണ്ട്. ഹെഡ്ക്വാട്ടേഴ്സിനുള്ളിൽ ഇനിയും തീവ്രവാദികളുണ്ടെന്നാണ് സംശയിക്കുന്നത്. സൈനിക കന്റോൺമെന്റിന് സമീപത്താണ് ആക്രമണം നേരിട്ട പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്സുള്ളത്. നിരവധി ആളുകളാണ് മേഖലയിൽ താമസിക്കുന്നത്. മേഖലയിലെ റോഡുകൾ അടച്ച് ഗതാഗതം നിയന്ത്രിച്ചു .
പാകിസ്ഥാനിൽ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് വീണ്ടും ചാവേർ ആക്രമണം, 3 പേർ കൊല്ലപ്പെട്ടു
November 24, 2025 11:11 am













