കാസർകോട്: ഗായകനും വ്ലോഗറുമായ ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെയുണ്ടായ വൻ തിക്കുംതിരക്കിനെ തുടർന്ന് പരിപാടിയുടെ സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു. നിരവധി പേർ കുഴഞ്ഞുവീഴുകയും വൻ ഗതാഗതക്കുരുക്കുണ്ടാകുകയും ചെയ്ത സംഭവത്തിൽ സംഘാടകർക്കെതിരെ കേസ്. നാല് സംഘാടകർക്കും ഒരു കമ്മിറ്റി അംഗത്തിനുമെതിരെയാണ് കേസ്. ഷഹ്സമാൻ, നവാലുർറഹ്മാൻ, ഹാരിസ് അബൂബക്കർ, ഖാലിദ് ഇ.എം, ജുവൈദ് എന്നീ അഞ്ചുപേർക്കെതിരെയാണ് കേസ്. ഇന്നലെ രാത്രി നടന്ന പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള മൈതാനത്താണ് പരിപാടി സംഘടിപ്പിച്ചത്. മൂവായിരത്തോളം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, ഏകദേശം 10,000-ത്തോളം ആളുകൾ സ്ഥലത്ത് തടിച്ചുകൂടിയതായി എഫ്.ഐ.ആറിൽ പറയുന്നു.
സംഗീത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആളുകൾ മൈതാനത്തും പരിസരത്തും നിറഞ്ഞതോടെ നഗരത്തിൽ ഗതാഗത സ്തംഭനമുണ്ടായി. സ്ഥിതി വഷളായതോടെ ജില്ലാ പോലീസ് മേധാവി നേരിട്ടെത്തി പരിപാടി നിർത്തിവയ്ക്കാൻ നിർദേശം നൽകി. ആളുകളെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശേണ്ടിവന്നു. തിക്കിലും തിരക്കിലുംപെട്ട് അസ്വസ്ഥത അനുഭവപ്പെട്ട 15-ഓളം പേരെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്കിലും ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. അമിതമായ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സംഘാടകർക്ക് ഗുരുതര വീഴ്ച സംഭവിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.












