അമേരിക്കയിലെ കാലിഫോർണിയയിൽ സ്റ്റോക്ക്‌ടണിലുള്ള ഒരു ബാങ്ക്വറ്റ് ഹാളിൽ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ കുട്ടികൾ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ ലൂസൈൽ അവന്യൂവിലെ ഒരു വാണിജ്യ സമുച്ചയത്തിലെ ഹാളിലായിരുന്നു ആക്രമണം. പരിക്കേറ്റവരെ ഉടൻതന്നെ പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റി. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
സാന് ജോവാക്വിൻ കൗണ്ടി ഷെരീഫ് ഓഫീസാണ് സംഭവം സ്ഥിരീകരിച്ചത്. വെടിവെപ്പിൽ ആകെ 14 പേർക്ക് വെടിയേറ്റതായി അധികൃതർ അറിയിച്ചു. കുടുംബങ്ങൾ ഒരുമിച്ച് കൂടിയ ആഘോഷത്തിനിടെ അക്രമി ഹാളിലേക്ക് പ്രവേശിച്ച് വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ കുട്ടികളും മുതിർന്നവരും ഇരയായിട്ടുണ്ട്. ഇതൊരു ലക്ഷ്യമിട്ടുള്ള ആക്രമണമായിരിക്കാമെന്നാണ് പ്രാഥമിക സൂചനയെന്നും ഷെരീഫ് ഓഫീസിന്റെ വക്താവ് ഹീതർ ബ്രെൻ്റ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അക്രമിയെ കണ്ടെത്താനും ആക്രമണത്തിന്റെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് മനസിലാക്കാനുമായി ഫെഡറൽ ഏജൻസികൾ ഉൾപ്പെടെയുള്ള അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ കുടുംബങ്ങൾ ആശുപത്രിയിൽ പ്രാർഥനയോടെ കഴിയേണ്ടി വരുന്നത് അതീവ ദുഃഖകരമാണെന്ന് സ്റ്റോക്ക്‌ടൺ മേയർ ക്രിസ്റ്റീന ഫുഗാസി പ്രതികരിച്ചു. അക്രമിയെ ഉടൻ പിടികൂടാൻ പൊതുജനങ്ങളുടെ സഹായം തേടുന്നതായും പോലീസ് അറിയിച്ചു.













