ഗാസ മുനമ്പിൽ 7കിലോമീറ്റർ നീളമുള്ള ഹമാസിന്റെ തുരങ്കം കണ്ടെത്തി. ഇസ്രയേൽ സൈനികൻ ലെഫ്റ്റനന്റ് ഹദാർ ഗോൾഡിന്റെ മൃതദേഹം ഹമാസ് സൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നുവെന്നാണ് ഇസ്രായേൽ അറിയിക്കുന്നത്. ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് എക്സിൽ ഇതിന്റെ വീഡിയോ അടക്കം വിവരങ്ങൾ പങ്കുവെച്ചു.2014 ലാണ് ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ഹദാർ ഗോൾഡ് കൊല്ലപ്പെട്ടത്.തുരങ്കത്തിന് 7 കിലോമീറ്ററിലധികം നീളവും ഏകദേശം 25 മീറ്ററോളം ആഴവുമുണ്ട്. ഏകദേശം 80 ഓളം പ്രത്യേക മുറികൾ തുരങ്കത്തിനകത്ത് സജ്ജീകരിച്ചിരിക്കുന്നു.
ഹമാസ് ഓപ്പറേറ്റീവുകൾക്ക് ദീർഘകാലം താമസിക്കാനും ആയുധങ്ങൾ സംഭരിക്കാനും ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും മുതിർന്ന കമാൻഡർമാർക്ക് കമാൻഡ് പോസ്റ്റായും ഈ മുറികൾ ഉപയോഗിച്ചിരുന്നതായി ഐ.ഡി.എഫ് വ്യക്തമാക്കി.ഫിലാഡെൽഫി കോറിഡോറിന് സമീപമുള്ള ജനസാന്ദ്രതയേറിയ റെസിഡൻഷ്യൽ പ്രദേശത്തിന് താഴെയായാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്.കെട്ടിടങ്ങൾ, പള്ളികൾ, ക്ലിനിക്കുകൾ, കിന്റർഗാർട്ടനുകൾ, സ്കൂളുകൾ എന്നിവ ഉൾപ്പെടെയുള്ള സാധാരണക്കാർ ഉപയോഗിക്കുന്ന പ്രധാന കേന്ദ്രങ്ങൾക്കടിയിലൂടെ കടന്നുപോകുന്നതായും സൈന്യം പറയുന്നു. ഇസ്രായേൽ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും സങ്കീർണ്ണവും പ്രധാനപ്പെട്ടതുമായ തുരങ്ക ശൃംഖലകളിലൊന്നാണിത്.
സൈനികൻ ഹദാർ ഗോൾഡിൻ
2014-ലെ ഗാസ യുദ്ധത്തിനിടെ ഹമാസ് തട്ടിക്കൊണ്ടുപോവുകയും കൊല്ലുകയും ചെയ്ത സൈനികനാണ് ലെഫ്റ്റനന്റ് ഹദാർ ഗോൾഡിൻ. 1 വർഷത്തെ കാത്തിരിപ്പിന് ശേഷം, അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ കഴിഞ്ഞ ആഴ്ചയാണ് ഇസ്രായേലിന് കൈമാറിയത്. റാഫയിലെ ഒരു തുരങ്കത്തിൽ നിന്നാണ് മൃതദേഹം വീണ്ടെടുത്തതെന്ന് ഹമാസ് നേരത്തെ അറിയിച്ചിരുന്നു. തുരങ്ക ശൃംഖല കണ്ടെത്തിയതോടെ ഹമാസിന്റെ ഭൂഗർഭ പ്രവർത്തനങ്ങളുടെ വ്യാപ്തി വീണ്ടും വെളിച്ചത്തുവന്നിരിക്കുകയാണ്.













