സാങ്കേതിക തകരാർ: ദില്ലി വിമാനത്താവളത്തിൽ 800 വിമാന സർവീസുകൾ വൈകി, യാത്രക്കാർ ദുരിതത്തിൽ

സാങ്കേതിക തകരാർ: ദില്ലി വിമാനത്താവളത്തിൽ 800 വിമാന സർവീസുകൾ വൈകി, യാത്രക്കാർ ദുരിതത്തിൽ

രാജ്യതലസ്ഥാനമായ ദില്ലിയിലെ വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം 800-ഓളം വിമാന സർവീസുകൾ വൈകി. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളെ ബാധിച്ചതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്.

എയർ ട്രാഫിക് കൺട്രോൾ ഡാറ്റ കൈകാര്യം ചെയ്യുന്ന ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിങ് സിസ്റ്റം തകരാറിലായതാണ് പ്രശ്നത്തിന് കാരണം. നിലവിൽ വിമാനങ്ങൾ ഉദ്യോഗസ്ഥർ നേരിട്ട് മാനുവലായി കൈകാര്യം ചെയ്യുന്നതാണ് സർവീസുകൾ വൈകാൻ ഇടയാക്കിയത്. തകരാർ പരിഹരിക്കാൻ തീവ്ര ശ്രമം തുടരുകയാണെന്ന് ദില്ലി വിമാനത്താവള അധികൃതർ അറിയിച്ചു.

നിരവധി വിമാനങ്ങൾ ഒരു മണിക്കൂറിലധികം വൈകിയതായും ചില സർവീസുകൾ റദ്ദാക്കിയതായും റിപ്പോർട്ടുണ്ട്. ദില്ലിയിലെ പ്രവർത്തനങ്ങൾ താറുമാറായത് പട്ന, മുംബൈ ഉൾപ്പെടെ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിച്ചു.

ടിക്കറ്റ് എടുത്ത യാത്രക്കാർ വിമാനക്കമ്പനികളുമായി നിരന്തരം ബന്ധപ്പെടണമെന്നും നിശ്ചയിച്ച സമയത്തേക്കാൾ നേരത്തെ വിമാനത്താവളത്തിൽ എത്തണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, തെറ്റായ സിഗ്നലുകൾ അയച്ച് വിമാനങ്ങളെ വഴിതെറ്റിക്കാൻ ശ്രമിക്കുന്ന ജിപിഎസ് സ്പൂഫിംഗിന് ശ്രമം നടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടെങ്കിലും, ഇതാണ് തകരാറിന് കാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Share Email
LATEST
Top