കേരള രാഷ്ട്രീയം കുറച്ചുകാലമായി കണ്ടുകൊണ്ടിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര ആർലേക്കറും തമ്മിലുള്ള തുറന്ന പോരാട്ടങ്ങൾക്ക് തിരശ്ശീല വീഴുന്നതായി സൂചന. ഗവർണറുമായുള്ള എല്ലാ പോരാട്ടങ്ങളും അവസാനിപ്പിച്ച് സൗഹൃദം ഉറപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ മുൻകൈയെടുത്തിരിക്കുകയാണ്. രാജ്ഭവന്റെ പ്രവർത്തനങ്ങൾക്കായി ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി അധിക തുക അനുവദിച്ചതും, കാലിക്കറ്റ് വൈസ് ചാൻസലർ (വി.സി) നിയമനത്തിൽ സർവകലാശാല പ്രതിനിധിയെ നൽകാൻ സർക്കാർ തീരുമാനിച്ചതുമെല്ലാം ഈ അനുരഞ്ജന ശ്രമങ്ങളുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.
ഗവർണർ കൈക്കൊണ്ട ചില ബി.ജെ.പി. അനുകൂല നിലപാടുകൾക്കെതിരെ സി.പി.ഐ.യും ഇടത് യുവജന സംഘടനകളും പരസ്യമായി രംഗത്തെത്തിയിരുന്നു. ‘ഭാരതാംബ’ വിഷയം പോലുള്ള രാഷ്ട്രീയ നിലപാടുകളുടെ പേരിൽ രാജ്ഭവനുമായി ഇടതു സർക്കാർ നിരന്തരം നടത്തിവന്നിരുന്ന പോരാട്ടമാണ് ഈ നീക്കത്തിലൂടെ പിണറായി വിജയൻ അവസാനിപ്പിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിക്കിടെ അധിക ഫണ്ട്
സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലാണ് ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ട് രാജ്ഭവന് സർക്കാർ അധിക ഫണ്ട് അനുവദിച്ചത്. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം ധനവകുപ്പ് 25 ലക്ഷം രൂപയുടെ അധിക ഫണ്ടാണ് അനുവദിച്ചത്. 2025-26 വർഷത്തേക്ക് രാജ്ഭവന് 25 ലക്ഷം രൂപ ബജറ്റ് വിഹിതമായി വകയിരുത്തിയിരുന്നു. ഇതിനു പുറമെയാണ് ഇപ്പോൾ 25 ലക്ഷം രൂപ കൂടി അധികമായി അനുവദിച്ചത്. 2023-24 സാമ്പത്തിക വർഷത്തിൽ രാജ്ഭവന് നൽകിയിരുന്നത് 16.25 ലക്ഷം രൂപയായിരുന്നു. ഇതോടെ ആകെ വിഹിതം ഏകദേശം മൂന്നിരട്ടി വർധിച്ച് 50 ലക്ഷമായി ഉയരുകയാണ്. ഓഗസ്റ്റ് 18-ന് ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി പണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഈ സാമ്പത്തിക വർഷം രാജ്ഭവന്റെ ചെലവുകൾക്ക് ബജറ്റിൽ വകയിരുത്തിയിരുന്നത് 13.94 കോടിയാണ്.
ഇതിനു പുറമേ, ഗവർണറുടെ ഔദ്യോഗിക വാഹനമായ മെഴ്‌സിഡസ് ബെൻസ് കാറിന്റെ അറ്റകുറ്റപ്പണികൾക്കായി അഞ്ച് ലക്ഷം രൂപ അധികമായി ചെലവഴിക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞയാഴ്ച അനുമതി നൽകിയിരുന്നു. അപകടത്തെത്തുടർന്നുണ്ടായ കേടുപാടുകൾ പരിഹരിക്കുന്നതിനാണ് നിലവിലുള്ള സാമ്പത്തിക നിയന്ത്രണ ഉത്തരവുകളിൽ ഇളവ് നൽകി ഈ തുക അനുവദിച്ചത്. നിലവിലെ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ്, ഈ അധിക ചെലവ് ‘സേവിംഗ്‌സ്’ വഴി ക്രമപ്പെടുത്താൻ ബന്ധപ്പെട്ട അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പാർട്ട്‌മെന്റിനോട് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
വി.സി. നിയമനത്തിലെ വഴിത്തിരിവ്
ഗവർണർ ചുമതലയേറ്റതു മുതൽ സർക്കാരുമായി കടുത്ത വിയോജിപ്പിലായിരുന്നു മുന്നോട്ടുപോയിരുന്നത്. ഗവർണറുടെ പരിപാടികൾ ബഹിഷ്കരിക്കുന്നത് ഉൾപ്പെടെയുള്ള സംഭവങ്ങൾ ഇതിനിടെ ഉണ്ടായി. പോര് മൂർച്ഛിച്ച സമയത്ത്, ഗവർണറുടെ അധികാരപരിധിയെക്കുറിച്ച് വിശദീകരിക്കുന്ന പാഠഭാഗം പോലും സ്കൂൾ പാഠപുസ്തകത്തിൽ സർക്കാർ ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ, അനുരഞ്ജന നീക്കങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സൂചനയായി വിലയിരുത്തപ്പെടുന്നത് വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നൽകാതിരുന്ന സി.പി.എം., ഇപ്പോൾ പ്രതിനിധിയെ നൽകാൻ തീരുമാനിച്ചു എന്നതാണ്. ഇതോടെ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് രാജ്ഭവൻ വിജ്ഞാപനം പുറപ്പെടുവിച്ചു. സർവകലാശാല സെർച്ച് കമ്മിറ്റികളിലേക്ക് സർക്കാർ പ്രതിനിധിയെ നൽകാതിരുന്നതിനാൽ കഴിഞ്ഞ രണ്ടു വർഷമായി പല വി.സി. നിയമനങ്ങളും നിലച്ചിരിക്കുകയായിരുന്നു.
ഒരു സർവകലാശാലയൊഴികെ മറ്റു പതിമൂന്ന് സർവകലാശാലകളിലും നിലവിൽ താൽക്കാലിക വൈസ് ചാൻസലർമാരാണ് ഉള്ളത്. ഗവർണർ-സർക്കാർ പോര് സംസ്ഥാനത്തെ സർവകലാശാലകളുടെ പ്രവർത്തനത്തെയാണ് പ്രധാനമായും ബാധിച്ചിരുന്നത്. ഈ അനുരഞ്ജന നീക്കങ്ങളിലൂടെ ഇനിയൊരു പോരാട്ടത്തിനില്ലെന്ന വ്യക്തമായ സന്ദേശമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നത്.
A new path of reconciliation in the Governor-Chief Minister relationship













