തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക പീഠത്തിന്റെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ശബരിമലയിൽ സ്വർണ്ണം കാണാതായ സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് എ. പത്മകുമാറിനെ എസ്ഐടി അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനായി ഔദ്യോഗിക നോട്ടീസുകളൊന്നും നൽകിയിരുന്നില്ല. തലസ്ഥാനത്ത് എത്താൻ എസ്ഐടി ഇന്നലെ വൈകുന്നേരത്തോടെ പത്മകുമാറിനോട് ആവശ്യപ്പെടുകയായിരുന്നു. ആറൻമുളയിലെ വീട്ടിൽ നിന്ന് രാവിലെ തന്നെ അദ്ദേഹം തിരുവനന്തപുരത്തേക്ക് എത്തിയിരുന്നു. എസ്.പി. ശശിധരന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യം ചെയ്തതും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയതും. ശബരിമല ക്ഷേത്രത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നായ ദ്വാരപാലക പീഠത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം സംസ്ഥാനത്ത് വലിയ വിവാദമായിരുന്നു. കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ദേവസ്വം ബോർഡ് മുൻ തലവന്റെ അറസ്റ്റ്.












