ഡല്‍ഹി: 2030 ലെ കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. കോമൺവെൽത്ത് ഗെയിംസിന്‍റെ ശതാബ്ദി കൂടിയാണ് 2030 ലേത് എന്നതിനാൽ തന്നെ ഇത് ഇന്ത്യക്ക് അഭിമാന നിമിഷമാണ്. ഗുജറാത്തിലെ അഹമ്മദാബാദിനാണ് കോമൺവെൽത്ത് ഗെയിംസിന്‍റെ നടത്തിപ്പ് നല്‍കി ഔദ്യോഗിക പ്രഖ്യാപനം ഗ്ലാസ്ഗോയില്‍ നടന്നത്. കോമൺവെൽത്ത് സ്പോർട്ടിന്‍റെ ജനറൽ അസംബ്ലിയിൽ വെച്ചാണ് ഈ പ്രഖ്യാപനം നടന്നത്. ഇതോടെ രണ്ടു പതിറ്റാണ്ടിന് ശേഷം കോമണ്‍ വെല്‍ത്ത് ഗെയിംസ് ഇന്ത്യയിലേക്ക് തിരിച്ചെത്തുകയാണ്.
കഴിഞ്ഞ മാസം കോമൺവെൽത്ത് സ്പോർട്ട്സിന്‍റെ എക്സിക്യൂട്ടീവ് ബോർഡ് ശതാബ്ദി പതിപ്പിനായുള്ള ആതിഥേയരായി അഹമ്മദാബാദിനെ ശുപാർശ ചെയ്തിരുന്നു. 74 അംഗങ്ങളുള്ള ജനറൽ അസംബ്ലിക്ക് ഈ ശുപാർശക്ക് അംഗീകാരം നൽകുക എന്നത് ഒരു കേവല നടപടി മാത്രമായിരുന്നു. ഇന്ത്യ അവസാനമായി കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചത് 2010-ൽ ഡൽഹിയിലാണ്. “വലുപ്പവും, യുവത്വവും, അഭിലാഷവും, സമ്പന്നമായ സംസ്കാരവും, വലിയ കായിക അഭിനിവേശവും, പ്രസക്തിയും കൊണ്ടുവരുന്ന രാജ്യമാണ് ഇന്ത്യ. കോമൺവെൽത്ത് ഗെയിംസിന്‍റെ അടുത്ത നൂറ്റാണ്ട് നല്ല നിലയിൽ തുടങ്ങുകയാണെന്ന് പ്രഖ്യാപനച്ചടങ്ങില്‍ കോമൺവെൽത്ത് സ്പോർട്ട് പ്രസിഡന്‍റ് ഡോ. ഡൊണാൾഡ് റുക്കരെ പറഞ്ഞു.
തീരുമാനം 2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ അവകാശവാദത്തിനും കരുത്തേകുന്നതാണ്. ഒളിമ്പിക്സ് ആതിഥേയത്വത്തിനുള്ള മത്സരരംഗത്തുള്ള അഹമ്മദാബാദ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കായിക അടിസ്ഥാന സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നവീകരിച്ചിട്ടുണ്ട്. 2030-ലെ ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ നൈജീരിയൻ നഗരമായ അബുജയിൽ നിന്ന് ഇന്ത്യക്ക് മത്സരമുണ്ടായിരുന്നു. എന്നാൽ 2034-ലെ പതിപ്പിനായി ആഫ്രിക്കൻ രാജ്യത്തെ പരിഗണിക്കാൻ കോമൺവെൽത്ത് സ്പോർട്ട് തീരുമാനിക്കുകയായിരുന്നു. 1930-ൽ കാനഡയിലെ ഹാമിൽട്ടണിലാണ് ആദ്യത്തെ കോമൺവെൽത്ത് ഗെയിംസ് (അന്ന് ബ്രിട്ടീഷ് എംപയർ ഗെയിംസ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്) നടന്നത്. 2030ലെത് നൂറാമത് ഗെയിംസ് ആണെന്ന് പ്രത്യേകതയുമുണ്ട്.
കായിക രംഗത്തെ ഒരു ശക്തികേന്ദ്രമായി 2047-ഓടെ ഇന്ത്യ മാറാൻ ശ്രമിക്കുന്ന ഈ വേളയിൽ 2030-ലെ കോമൺവെൽത്ത് ഗെയിംസിന്റെ ആതിഥേയത്വം അഹമ്മദാബാദിന് നൽകാനുള്ള തീരുമാനം രാജ്യത്തിന് അഭിമാനകരമായ നിമിഷമാണെന്ന് കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. “ശതാബ്ദി കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത് അഭിമാനകരമായ നിമിഷമാണ്,” മാണ്ഡവ്യ കൂട്ടിച്ചേർത്തു. “പ്രധാനപ്പെട്ട പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യക്ക് കഴിവുണ്ട്, 2047-ഓടെ ലോകത്തിലെ മികച്ച അഞ്ച് കായിക രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറും,” എന്നും അദ്ദേഹം പറഞ്ഞു.
Ahmedabad formally awarded hosting rights of 2030 Commonwealth Games













