സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യ വിമാനം യാത്രാമധ്യേ സാങ്കേതിക പ്രശ്നത്തെ തുടർന്ന് മംഗോളിയയിലെ ഉലാൻബാതറിൽ ഇറക്കിയതായി എയർ ഇന്ത്യ. ബോയിംഗ് 777 വിമാനമാണ് മംഗോളിയയിൽ അടിയന്തരമായി ഇറക്കിയത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. ആവശ്യമായ പരിശോധനകൾ നടക്കുകയാണെന്നും യാത്രക്കാരെ എത്രയും പെട്ടെന്ന് അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും എയർ ഇന്ത്യ വിശദീകരിച്ചു.
‘അപ്രതീക്ഷിതമായ സാഹചര്യം കാരണം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നു. എയർ ഇന്ത്യയിൽ, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പരമമായ മുൻഗണന. യാത്രക്കാർക്ക് താമസത്തിനായി ഹോട്ടൽ, ഭക്ഷണ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും വിമാനക്കമ്പനി അറിയിച്ചു. യാത്രക്കാരെ എത്രയും വേഗം ഡൽഹിയിലേക്ക് എത്തിക്കാൻ ബദൽ ക്രമീകരണങ്ങൾ ഒരുക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. മംഗോളിയയിൽ കുടുങ്ങിയ എയർ ഇന്ത്യ യാത്രക്കാർക്ക് വിദേശകാര്യ മന്ത്രാലയം സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്.













