മുഹമ്മ: 2024-ലെ മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം നേടിയ മുഹമ്മ പൊലീസ് സ്റ്റേഷന് അമേരിക്കൻ മലയാളികളുടെ സല്യൂട്ട്. മുഹമ്മ സ്വദേശിയും ഷിക്കാഗോയിലെ പ്ലെയിൻഫീൽഡ് വില്ലേജ് ട്രസ്റ്റിയും ഇന്ത്യാ പ്രസ്സ് ക്ലബ് മുൻ പ്രസിഡന്റുമായ ശിവൻ മുഹമ്മയുടെ നേതൃത്വത്തിലാണ് സ്റ്റേഷനിലെ സേനാംഗങ്ങളെ ആദരിച്ചത്. അദ്ദേഹത്തിന്റെ സുഹൃത്തും കൈരളി ടിവി യു.എസ്.എ ഡയറക്ടറുമായ ജോസ് കാടാപ്പൂരവും മുൻകൈ എടുത്തു. പുരസ്കാരം ലഭിച്ചതിന്റെ സന്തോഷത്തിൽ സ്റ്റേഷനിലെ മുഴുവൻ ജീവനക്കാരെയും അവർ സ്നേഹപൂർവം അഭിനന്ദനങ്ങൾ അറിയിച്ചു.
എസ്.എച്ച്.ഒ. വി.സി. വിഷ്ണുകുമാറും മുൻ എസ്.എച്ച്.ഒ. ലൈസാദ് മുഹമ്മദ്.എം.യും ചേർന്ന് എൻ.അനിൽകുമാറും നീലാംബരിയും നൽകിയ സ്നേഹോപഹാരം ഏറ്റുവാങ്ങി. വാർഡ് മെമ്പർമാരായ നിഷ പ്രദീപും എസ്.ടി. റെജിയും പോലീസ് ഓഫീസർമാരെ പൊന്നാടം ചാർത്തി ആദരിച്ചു. എസ്.ഐ. റിയാസ്, ജി.എസ്.ഐ. മനോജ് കൃഷ്ണൻ, പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.പി. വിനു, മുഹമ്മ ലയൺസ് ക്ലബ് സെക്രട്ടറി ടി. ജയകുമാറും പി.ടാഗോർ മറ്റത്തിലും ചേർന്ന് ആശംസകൾ അർപ്പിച്ചു. പ്രാദേശിക സമൂഹത്തിന്റെ പിന്തുണയോടെ മുഹമ്മ പൊലീസ് സ്റ്റേഷൻ തുടരുന്ന സേവനങ്ങൾക്ക് ഈ ആദരം കൂടുതൽ പ്രചോദനമാകുമെന്ന് പങ്കെടുത്തവർ വ്യക്തമാക്കി.













