കൊച്ചി: കൊച്ചിയിലും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇടപ്പള്ളിയിൽ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. സാമ്പിൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഒക്ടോബറിൽ മാത്രം 12 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 65 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അമീബിക് മസ്തിഷ്ക ജ്വരത്തിൻ്റെ വ്യാപനത്തെക്കുറിച്ച് സംസ്ഥാന ആരോഗ്യ വകുപ്പും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയും സംയുക്തമായി നടത്തുന്ന പഠനം കോഴിക്കോട് തുടങ്ങി. ജില്ലയിൽ കഴിഞ്ഞ ജൂലൈ മുതൽ ഓക്ടോബർ വരെ റിപ്പോർട്ട് ചെയ്ത 15 കേസുകളാണ് സംഘം പഠനവിധേയമാക്കുന്നത്. പഠന സംഘം ഓമശ്ശേരി, അന്നശ്ശേരി, വെള്ളിപറമ്പ് എന്നിവിടങ്ങളിലെ രോഗികളുടെ വീടും പരിസരവും സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. ഐസിഎംആർ ടീം അംഗങ്ങൾ, എൻഐഇ ടീം അംഗങ്ങൾ, മെഡിക്കൽ കോളേജ് കമ്യൂണിററി മെഡിസിൻ ഡോക്ടർമാർ, ജില്ലാ മെഡിക്കൽ സർവൈലൻസ് ഓഫിസർ, എപ്പിഡെമിയോളജിസ്‌റ്റുകൾ എന്നിവരാണു സംഘത്തിലുളളത്.
രോഗത്തിന്റെ തീവ്രതയും ലക്ഷണങ്ങളും:
രോഗം പിടിപെട്ടാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ തലവേദന, പനി, ഛർദ്ദി, കഴുത്ത് വേദന, ശ്രദ്ധക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും.
ലക്ഷണങ്ങൾ ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ രോഗി അബോധാവസ്ഥയിലാകുകയും മരണം സംഭവിക്കുകയും ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ രോഗത്തിന് മരണനിരക്ക് ഏകദേശം 97% ആണ്.
പ്രതിരോധ മാർഗ്ഗങ്ങൾ:
പൊതു കുളങ്ങളിലും, തോടുകളിലും, കെട്ടിക്കിടക്കുന്ന ജലാശയങ്ങളിലും കുളിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക.
മൂക്കിലൂടെ വെള്ളം കയറുന്നത് പൂർണ്ണമായി ഒഴിവാക്കാൻ ശ്രമിക്കുക.
കുട്ടികളെ ശുദ്ധജലത്തിൽ നീന്താൻ അനുവദിക്കുമ്പോൾ, മൂക്കടച്ച് പിടിക്കുന്നതിനുള്ള മുൻകരുതലുകൾ എടുക്കാൻ നിർദ്ദേശിക്കുക.
കുളിക്കാനോ മുഖം കഴുകാനോ ഉപയോഗിക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്യുകയോ അല്ലെങ്കിൽ തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുകയോ ചെയ്യുന്നത് സുരക്ഷിതമാണ്.
രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ, ജലസ്രോതസ്സുകളുടെ ശുചിത്വം ഉറപ്പാക്കാനും പൊതുജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പുകൾ നൽകാനും ആരോഗ്യവകുപ്പ് നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.













