തിരുവനന്തപുരം: ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനി ആര്യാ രാജേന്ദ്രനിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അഞ്ച് വർഷം മുമ്പ് 21-ാം വയസ്സിൽ ആര്യ മേയറായതിനെ അഭിനന്ദിച്ചുകൊണ്ട് മംദാനി ട്വിറ്ററിൽ കുറിച്ചിരുന്നു. അന്നുമുതൽ മേയർ സ്ഥാനത്തിനുള്ള ശ്രമം ആരംഭിച്ചതായി കരുതേണ്ടതുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
അമേരിക്ക ഉൾപ്പെടെ ലോകമെമ്പാടും ഇടതുപക്ഷ ആശയങ്ങൾ ശക്തിപ്പെടുന്നുവെന്ന് ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ട്രംപ് ഉൾപ്പെടെയുള്ളവർ ശ്രമിച്ചാലും സോഷ്യലിസത്തിന്റെ പ്രസക്തി വർധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ലോകത്തിന്റെ ഭാവി നിർണയിക്കുന്നതിൽ ഇടതുധാരയ്ക്ക് നിർണായക പങ്കുണ്ടാകുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
പിഎം ശ്രീ കരാറും എസ്എസ്എ ഫണ്ടും തമ്മിൽ ബന്ധമില്ലെന്ന് ഗോവിന്ദൻ ആവർത്തിച്ചു. പദ്ധതിയിൽനിന്ന് പിൻമാറിയത് സർക്കാർ തീരുമാനമാണെന്നും ഫണ്ട് വാങ്ങരുതെന്ന് ആഗ്രഹിക്കുന്നവരുണ്ടോയെന്ന് ചോദിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മാറ്റുമെന്നും പുതിയ പ്രസിഡന്റിനെ തീരുമാനിച്ചുവെന്നും അദ്ദേഹം അറിയിച്ചു. പി.എസ്. പ്രശാന്തിനെതിരെ പാർട്ടിക്ക് പരാതിയില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.













