ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി ഇല്ലെന്ന് സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി. സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ വിധി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് തള്ളി.
ബില്ലിന്മേല്‍ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറന്‍സിനാണ് സുപ്രീം കോടതി മറുപടി നല്‍കിയത്.
ഗവര്‍ണര്‍ക്കോ പ്രസിഡന്റിനോ സമയപരിധികള്‍ നിര്‍ദേശിക്കുന്നത് ഉചിതമല്ലെന്നും കോടതി നിരീക്ഷിച്ചു.
ബില്ലുകള്‍ കാരണമില്ലാതെ തടഞ്ഞുവയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ സുപ്രീം കോടതി മണി ബില്‍ അല്ലെങ്കില്‍ ബില്ലുകള്‍ തിരിച്ചയക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടെന്നും കൂടി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ചാണ് വിഷയത്തില്‍ മറുപടി നല്‍കിയത്. ജസ്റ്റിസുമാരായ പി.എസ് നരസിംഹ, സൂര്യകാന്ത്, വിക്രം നാഥ്, എ.എസ് ചന്ദുര്‍കര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.
Bills cannot be time-bound; Supreme Court issues important order













