ലഖ്‌നൗ: ഉത്തർപ്രദേശിൽ ബൂത്ത് ലെവൽ ഓഫീസർ ഡ്യൂട്ടിക്കിടെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അധ്യാപകൻ മരിച്ചു. ഗോണ്ട ജില്ലയിലെ അധ്യാപകനും ബൂത്ത് ലെവൽ ഓഫീസറുമായ വിപിൻ യാദവാണ് ലഖ്‌നൗവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്ന് രാവിലെയാണ് വിപിൻ യാദവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. മേലുദ്യോഗസ്ഥരുടെ മാനസിക സമ്മർദം കാരണമാണ് ഇദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. മരിക്കുന്നതിന് മുമ്പ് വിപിൻ യാദവ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു. എസ്ഡിഎം, ബിഡിഓ എന്നിവരുടെ ഭാഗത്തുനിന്ന് കടുത്ത സമ്മർദ്ദം നേരിട്ടതായി അദ്ദേഹം പറഞ്ഞിരുന്നു. ഭാര്യ ചിത്രീകരിച്ച വിപിൻ യാദവിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. രണ്ടാഴ്ചക്കിടെ ഉത്തരേന്ത്യയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ജീവനൊടുക്കുന്ന ആറാമത്തെ സംഭവമാണിത്. സംഭവം അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. മേലുദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണത്തിൽ വിശദമായ അന്വേഷണം നടന്നേക്കും.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ബിഎൽഒ മരിച്ചു
November 25, 2025 8:36 pm













