തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ സമ്മർദ്ദമെന്ന് ആരോപണം; പയ്യന്നൂരിൽ ബൂത്ത് ലെവൽ ഓഫീസർ ജീവനൊടുക്കി

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ സമ്മർദ്ദമെന്ന് ആരോപണം; പയ്യന്നൂരിൽ ബൂത്ത് ലെവൽ ഓഫീസർ ജീവനൊടുക്കി

കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസറെ (ബി.എൽ.ഒ.) മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുകുടുക്ക സ്വദേശിയായ അനീഷ് (40) ആണ് മരിച്ചത്. കുന്നരു എ.യു.പി. സ്കൂളിലെ പ്യൂൺ കൂടിയാണ് ഇദ്ദേഹം.

ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ അനീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്യുന്നതിൻ്റെ കടുത്ത സമ്മർദ്ദം അനീഷിന് ഉണ്ടായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നുണ്ട്. വ്യക്തിപരമായ മറ്റ് കാരണങ്ങളൊന്നും മരണത്തിന് പിന്നിലില്ലെന്നും കഴിഞ്ഞ ദിവസവും വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു അനീഷ് എന്നും ബന്ധുക്കൾ പറയുന്നു.

പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട സമ്മർദ്ദമാണോ മരണകാരണം എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.


ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056.

Share Email
Top