ഒട്ടാവ: താരിഫ് പരസ്യത്തിന്റെ പേരിൽ കാനഡയുമായി അമേരിക്ക ഇടഞ്ഞതോടെ ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളുമായി കൂടുതൽ വ്യാപാര സഹകരണം ലക്ഷ്യമിട്ട് നീക്കങ്ങൾ ആരംഭിച്ച് കാനഡ. ഇതിന്റെ ഭാഗമായി ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തെക്കുറിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രതികരണവും നടത്തി.
ഇന്ത്യയുമായുള്ള സഹകരണ നീക്കങ്ങളിൽ മികച്ച പുരോഗതിയെന്നാണ് കാർണി പറഞ്ഞത്. വിവാദ പരസ്യവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ചൊടിപ്പിച്ചതോടെ വ്യാപാരചർച്ച വഴിമുട്ടിയതിനിടെയാണ് മറ്റു രാജ്യങ്ങളുമായി കൈകോർക്കാൻ കാനഡയുടെ ശ്രമം.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടു കണ്ടില്ലെങ്കിലും മന്ത്രിതല ചർച്ചകൾ നടന്നെന്നും പുരോഗതി യുണ്ടെയെന്നുമാണ് കാർണി അറിയിച്ചത്. ആഭ്യന്തരമായി കരുത്താർജിക്കാനും യുഎസിനെ മാത്രം ആശ്രയിക്കുന്നത് അവസാനിപ്പിക്കാനുമാണു ശ്രമം.
ഇതിനാണു ലോകരാജ്യങ്ങളുമായി പങ്കാളിത്തം ഉറപ്പാക്കുന്നത്. ചൈന, ഇന്തൊനീഷ്യ, ഫിലിപ്പീൻസ്, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളുമായും സഹകരണ ചർച്ചകൾ പുരോഗമിക്കുകയാണ്. വിവാദ പരസ്യത്തിൽ കാർണി ഖേദപ്രകടനം നടത്തിയെങ്കിലും ട്രംപ് ഇതുവരെ തന്റെ നിലപാടിൽ മാറ്റം വരുത്തിയിട്ടില്ല.
Canada seeks more cooperation with other countries as US clashes over advertising













