ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം കാറിൽ സ്ഫോടനം, 9 മരണമെന്ന് റിപ്പോർട്ട്

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം കാറിൽ സ്ഫോടനം, 9 മരണമെന്ന് റിപ്പോർട്ട്

ഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം കാറിൽ സ്ഫോടനം. 9 മരണം സ്ഥിരീകരിച്ചു. 20 പേർക്ക് പരുക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. തിങ്കളാഴ്ച വൈകുന്നേരമാണ് സ്ഫോടനം റിപ്പോർട്ട് ചെയ്തത്. ഇതോടെ പ്രദേശത്ത് പരിഭ്രാന്തി പരത്തി. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമാണ് സ്ഫോടനമുണ്ടായത്. മെട്രോ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ഒരു കാർ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള കാറുകളിലേക്കും തീപടർന്നു.

ഇന്ന്ഡൽഹിക്ക് സമീപം ഫരീദാബാദിൽ നിന്ന് കാറിൽ വൻ തോതിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തിരുന്നു. കേസിൽ രണ്ട് ഡോക്ടർമാർ പിടിയിലായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഡൽഹിയിൽ സ്ഫോടനമുണ്ടായത്. അട്ടിമറി സാധ്യതയുള്ളതായി സംശയിക്കുന്നു.

ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. ഈ ദാരുണമായ സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി എക്സ് (മുമ്പ് ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി മുതിർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും വിവരങ്ങൾ ആരാഞ്ഞറിയുകയും ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഡൽഹി ലഫ്റ്റനന്റ് ഗവർണർ, പോലീസ് കമ്മീഷണർ തുടങ്ങിയവരുമായി അദ്ദേഹം സംസാരിച്ചു.

Share Email
Top