തിരുവനന്തപുരം: വർക്കലയിൽ കേരള എക്സ്പ്രസ് ട്രെയിനിൽ വെച്ച് യുവതിയെ ആക്രമിച്ച സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. പ്രതിയായ സുരേഷ് കുമാർ, ശ്രീക്കുട്ടിയെ ചവിട്ടി തള്ളിയിടുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.
ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്ന പത്തൊൻപതുകാരിയായ ശ്രീക്കുട്ടി എന്ന സോനയെയാണ് മദ്യലഹരിയിലായിരുന്ന സഹയാത്രികനായ സുരേഷ് കുമാർ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചവിട്ടി താഴെയിട്ടത്. ട്രെയിനിൻ്റെ വാതിൽക്കൽ നിന്ന് മാറുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്ക് തർക്കമാണ് അതിക്രമത്തിൽ കലാശിച്ചത് എന്നാണ് റിപ്പോർട്ട്. സിസിടിവി ദൃശ്യങ്ങളിൽ സുരേഷ് കുമാർ രണ്ടാമത്തെ പെൺകുട്ടിയെയും ഉപദ്രവിക്കാൻ ശ്രമിക്കുന്നതായും കാണുന്നുണ്ട്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ന്യൂറോളജി, ന്യൂറോ സർജറി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ ശ്രീക്കുട്ടിയെ പരിശോധിച്ചു. തലച്ചോറിലെ മർദ്ദം കുറക്കാനുള്ള തീവ്രശ്രമത്തിലാണ് ഡോക്ടർമാർ. ഈ അവസ്ഥ മെച്ചപ്പെട്ടതിന് ശേഷം മാത്രമേ തുടർ ചികിത്സകളെക്കുറിച്ച് തീരുമാനമെടുക്കൂ.
സംഭവവുമായി ബന്ധപ്പെട്ട് പനച്ചിമൂട് സ്വദേശിയായ പ്രതി സുരേഷ് കുമാർ നിലവിൽ റിമാൻഡിലാണ്. അതേസമയം, ആക്രമണം നടന്ന ട്രെയിനിൻ്റെ ബോഗി ഫൊറൻസിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൊച്ചുവേളി യാർഡിൽ വെച്ച് പോലീസ് വിശദമായി പരിശോധിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.













