ന്യൂഡൽഹി: ബിഹാർ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയുടെയും ‘വോട്ട് മോഷണം’ എന്ന ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ, രാജ്യത്തെ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ ഓഫ് ഇലക്ട്രൽ റോൾസ് നടക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ കോൺഗ്രസ് യോഗം വിളിച്ചു.
പ്രദേശിക ചുമതലയുള്ള എ.ഐ.സി.സി. ഇൻചാർജുമാർ, സംസ്ഥാന യൂനിറ്റ് അധ്യക്ഷന്മാർ, കോൺഗ്രസ് നിയമസഭാ കക്ഷി നേതാക്കൾ, സെക്രട്ടറിമാർ എന്നിവരുടെ അവലോകന യോഗം 2025 നവംബർ 18-ന് ഇന്ദിരാ ഭവനിൽ നടക്കും.
ബിഹാറിൽ എൻ.ഡി.എ. 202 സീറ്റുകൾ നേടി വൻ വിജയം നേടിയതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസ് ഈ നിർണ്ണായക നീക്കം നടത്തുന്നത്. ബിഹാർ തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതാണെന്നും തിരഞ്ഞെടുപ്പ് ആരംഭം മുതൽ തന്നെ നീതിയുക്തമായിരുന്നില്ലെന്നും രാഹുൽ ഗാന്ധി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, കേരളം, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് എന്നീ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ നടക്കുന്നത്. ഇതിൽ തമിഴ്നാട്, പുതുച്ചേരി, കേരളം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ 2026-ൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളാണ്. SIR-ൻ്റെ രണ്ടാം ഘട്ടം നവംബർ 4-ന് ആരംഭിച്ച് ഡിസംബർ 4 വരെ തുടരും.












