തിരുവനന്തപുരം: സിപിഎമ്മിന്റെ പരാതിയില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നീക്കം ചെയ്ത സംഭവത്തില്‍ സ്ഥാനാര്‍ഥി വൈഷ്്ണാ സുരേഷ് നിയമനടപടിയുമായി ഹൈക്കോടതിയിലേക്ക് . മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച വൈഷ്ണ സുരേഷിന്റെ പേരാണ് കമ്മിഷന്‍ നീക്കം ചെയ്തത്.
വൈഷ്ണയുടെ മേല്‍വിലാസം സംബന്ധിച്ച് സിപിഎം നല്‍കിയ പരാതി കണക്കിലെടുത്തായിരുന്നു കമ്മിഷന്റെ നടപടി. തിരുവനന്തപുരം കോര്‍പറേഷനില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു വൈഷ്ണ. കഴിഞ്ഞ ദിവസമാണ് അന്തിമ വോട്ടര്‍ പട്ടിക കമ്മിഷന്‍ പ്രസിദ്ധീകരിച്ചത്. വൈഷ്ണ സുരേഷിന്റെ പേര് ഒഴിവാക്കപ്പെട്ട വിവരം അപ്പോഴാണറിഞ്ഞത്. കോര്‍പറേഷനിലെ ഏതെങ്കിലും ഒരു വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ മാത്രമേ കൗണ്‍സിലിലേക്ക് മത്സരിക്കാന്‍ കഴിയൂ എന്ന ചട്ടമാണ് ഇപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് എതിരെ പ്രയോഗിക്കപ്പെട്ടത്.
വൈഷ്ണ സുരേഷ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്‍കിയ വിലാസം ശരിയല്ലെന്നും അതിനാല്‍ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നും കാണിച്ചാണ് സിപിഎം പരാതി നല്‍കിയത്. പരാതി സ്വീകരിച്ച കമ്മിഷന്‍, വൈഷ്ണക്ക് ഹിയറിങ്ങിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് വിലാസത്തില്‍ പ്രശ്‌നമുണ്ടെന്ന കോര്‍പറേഷന്‍ ഓഫിസര്‍മാരുടെ റിപ്പോര്‍ട്ട് ശരിവെച്ച് വോട്ട് നീക്കം ചെയ്യുകയായിരുന്നു.
മുട്ടടയില്‍ കുടുംബവീടുള്ള വൈഷ്ണ നിലവില്‍ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസം. എന്നാല്‍ സ്ഥിരതാമസമുള്ള വിലാസത്തിലല്ല വോട്ട് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം പരാതി നല്‍കിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വൈഷ്ണ ഇതേ വിലാസത്തില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.പേരൂര്‍ക്കട ലോ കോളേജിലെ നിയമ വിദ്യാര്‍ഥിയും കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റുമായ 24കാരി വൈഷ്ണയുടെ സ്ഥാനാര്‍ഥിത്വം തുടക്കം മുതല്‍ ശ്രദ്ധ നേടിയിരുന്നു.
Congress candidate Vaishna Suresh, whose name was removed from the voters’ list on the complaint of CPM, moves the High Court









