ശബരിമല കൊള്ളയില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെയും ദേവസ്വം ബോര്‍ഡിന്റെയും മന്ത്രിയുടെയും പങ്ക് ഹൈക്കോടതിതന്നെ അംഗീകരിച്ച സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡും മന്ത്രിയും രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ 12 ന് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന നേതാക്കളും തിരുവനന്തപുരം ജില്ലയിലെ പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുക്കും. ഉത്സവകാലത്തിന്റെ മറവില്‍ മോഷണത്തിനുള്ള സാഹചര്യം ബോര്‍ഡ് തന്നെ ഒരുക്കുകയാണ് ചെയ്തെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ശബരിമലയില്‍ നടന്ന സ്വര്‍ണ്ണകൊള്ളക്ക് കുപ്രസിദ്ധ വിഗ്രഹ മോഷ്ടാവായ സുഭാഷ് കപൂറിന്റെ കവര്‍ച്ചയുമായി സാമ്യമുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്. പിന്നില്‍ രാജ്യാന്തര കള്ളക്കടത്തുകാര്‍ ഉണ്ടെന്നുപോലും കോടതി സംശയിക്കുന്നുവെന്നും സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു.
800 കോടിയോളം രൂപയുടെ രാജ്യാന്തര കലാസൃഷ്ടികളും വിഗ്രഹങ്ങളും മോഷ്ടിച്ച ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൗരനാണ് സുബാഷ് കപൂര്‍. തമിഴ്നാട്ടിലെ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നാണ് ഇയാള്‍ ഇവ മോഷ്ടിച്ചത്. ഇവ ഉപയോഗിച്ച് ന്യൂയോര്‍ക്കില്‍ സ്വന്തമായ ആര്‍ട് ഗ്യാലറി വരെ ഇയാള്‍ ഉണ്ടാക്കിയെന്നും കെപിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
തമിഴ്‌നാട്ടില്‍നിന്ന് മോഷ്ടിച്ച നടരാജ വിഗ്രഹത്തിന് മാത്രം 40 കോടി രൂപ വിലയുണ്ട്. പാര്‍വതിയുടെ വിഗ്രഹത്തിന് 44 കോടിയും. 2011ല്‍ ഇയാളെ അമേരിക്കന്‍ കസ്റ്റംസ് പിടികൂടി. അമേരിക്ക കൈമാറിയതിനെ തുടര്‍ന്ന് തിരുച്ചിറപ്പള്ളി ജയിലില്‍ അടച്ചു. പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച അതീവ രഹസ്യമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ശബരിമലയില്‍ നടന്നത് അത്രയും ഗുരതരമായ കൊള്ളയാണെന്നു വ്യക്തമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഒക്ടോബര്‍ 5 ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവായി. നവംബര്‍ 7 ആയെങ്കിലും സ്വര്‍ണ്ണം കണ്ടെത്താനോ പ്രധാനപ്പെട്ട പ്രതികളെ കണ്ടെത്താനോ കഴിഞ്ഞിട്ടില്ല. എന്.വാസുവിനെ തലോടി ചോദ്യം ചെയ്താല്‍ സത്യം തെളിയില്ലെന്നും രാഷ്ട്രീയ നേതൃത്വത്തെ ഉടനടി ചോദ്യം ചെയ്യണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
ആരോഗ്യരംഗത്തെ ദുരവസ്ഥ ഒരിക്കല്‍കൂടി വെളിപ്പെടുത്തുന്നതാണ് കൊല്ലം പത്മന സ്വദേശി വേണു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞ സംഭവം. സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന രോഗിക്ക് മരണമൊഴി നല്‍കേണ്ടി വരുന്നത് അതീവ ഗുരുതരമായ സാഹചര്യമാണ്. മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു വന്ന തനിക്ക് ഒരു നായയുടെ പരിഗണനപോലും ലഭിച്ചിട്ടില്ലെന്നാണ് വേണു മരണമൊഴിയില്‍ പറഞ്ഞത്. സര്‍ക്കാര്‍ ആശുപത്രികളിലെ ദുരവസ്ഥ മന്ത്രി കണ്ണ് തുറന്നുകാണണം. ആരോഗ്യമേഖലയിലെ സര്‍ക്കാരിന്റെ എല്ലാ അവകാശവാദങ്ങളും പൊളിഞ്ഞു. ആരോഗ്യ രംഗത്തെ വീമ്പടിക്കല്‍ തെറ്റാണെന്ന് സര്‍ക്കാര്‍ സമ്മതിക്കണം. വീഴ്ച വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.













