ഡൽഹി: ഡൽഹിയെ നടുക്കി ചെങ്കോട്ടയ്ക്ക് തൊട്ടടുത്ത് ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം നിർത്തിയിട്ട കാറിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 20ലേറെ പേർക്ക് പരുക്കേറ്റു. ചെങ്കോട്ടക്കു സമീപം സുഭാഷ് മാർഗ് ട്രാഫിക് സിഗ്നലിൽ വൈകിട്ട് 6.53ന് വെളുത്ത ഐ 20 കാർ പൊട്ടിത്തെറിക്കുകയായിരുന്നു. ആ കാറിനുള്ളിൽ 3 പേരുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. നാഷനൽ ഇൻവെസ്റ്റിഗേറ്റീവ് ഏജൻസി, എൻ എസ് ജി,ഐബി, ഫൊറൻസിക് അടക്കം 6-7 അന്വേഷണ ഏജൻസികൾ സ്ഥലത്ത് എത്തി പരിശോധന നടത്തി. തീവ്രവാദി ആക്രമണമാണെന്ന് ഇതുവരെ അന്വേഷണ ഏജൻസികൾ സ്ഥീരീകരിച്ചിട്ടില്ല. ആഭ്യന്തര മന്ത്രി അമിത് ഷാ എൽഎൻജിസി ആശുപത്രിയിൽ പരുക്കേറ്റവരെ സന്ദർശിച്ചു.
സ്ഫോടനത്തിന്റെ ആഘാതത്തിൽ തൊട്ടടുത്തുള്ള വാഹനങ്ങളിലേക്ക് തീ പടർന്നു പിടിച്ചതോടെ പ്രദേശത്ത് വ്യാപക പരിഭ്രാന്തി പരന്നു. 22 വാഹനങ്ങൾ തകർന്നിട്ടുണ്ട്. 6 വാഹനങ്ങൾ കത്തിയമർന്നു.
സംഭവസ്ഥലത്ത് തീപടർന്ന കാറുകളും പുകയും കണ്ട് നിരവധി പേർ ഓടിരക്ഷപ്പെട്ടു. ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും ഉഗ്രസ്ഫോടനമാണെന്നാണ് പ്രാഥമിക നിഗമനം.
ഫരീദാബാദിൽ നിന്ന് സ്ഫോടകവസ്തുക്കളുമായി രണ്ട് ഡോക്ടർമാരെ പിടികൂടിയ സംഭവത്തിന് പിന്നാലെയാണ് ഈ സ്ഫോടനം. ഇതേത്തുടർന്ന് രാജ്യതലസ്ഥാനത്ത് ഉന്നത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. പൊലീസും സുരക്ഷാ ഏജൻസികളും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Delhi blast 13 death reported












