ഡൽഹി ചെങ്കോട്ട സ്ഫോടനം: ഒരാൾ കസ്റ്റഡിയിൽ; ഭീകരാക്രമണമെന്ന നിഗമനത്തിൽ സർക്കാർ

ഡൽഹി ചെങ്കോട്ട സ്ഫോടനം: ഒരാൾ കസ്റ്റഡിയിൽ; ഭീകരാക്രമണമെന്ന നിഗമനത്തിൽ സർക്കാർ

രാജ്യതലസ്ഥാനമായ ഡൽഹിയെ നടുക്കിയ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തതായി വിവരം. ഈ സ്ഫോടനത്തിൽ ഒൻപത് പേരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന. കസ്റ്റഡിയിലെടുത്തയാളെ പോലീസ് രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തുവരികയാണ്. എന്നാൽ, കസ്റ്റഡിയിലെടുത്ത വ്യക്തിയുടെ വിവരങ്ങളോ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയോ എന്ന കാര്യത്തിൽ പോലീസ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.


സംഭവം നടന്ന സ്ഥലത്തുനിന്ന് ശേഖരിച്ച തെളിവുകളുടെയും പ്രാഥമിക അന്വേഷണത്തിൻ്റെയും അടിസ്ഥാനത്തിൽ, ഡൽഹിയിൽ നടന്നത് ഒരു ഭീകരാക്രമണമാണ് എന്ന നിഗമനത്തിലാണ് സർക്കാർ വൃത്തങ്ങൾ എത്തിയിരിക്കുന്നത്. സ്ഫോടനത്തിൻ്റെ തീവ്രതയും രീതിയും കണക്കിലെടുക്കുമ്പോൾ പിന്നിൽ തീവ്രവാദ ബന്ധമുള്ള ശക്തികളാണ് പ്രവർത്തിച്ചതെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. സംഭവത്തെ തുടർന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.


ഡൽഹിയിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നേരത്തെ ലഭിച്ചിരുന്നതായും, കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിന് സമീപത്തുനിന്ന് വൻതോതിൽ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്ത സംഭവമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിൽ, ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ പേരെയും കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് സുരക്ഷാ ഏജൻസികൾ. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും സുരക്ഷാ പരിശോധനകൾ കർശനമാക്കുകയും ചെയ്തിട്ടുണ്ട്.

Share Email
Top